തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറരുതെന്നും സാംസ്കാരിക പ്രവർത്തകർ അറിയിച്ചു.
കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, എം പി മത്തായി, ആസാദ്, ബി.ആർ ജീവൻ, അരവിന്ദാക്ഷൻ, ജോസഫ് സി മാത്യു, ശ്രീധർ, അരവിന്ദാക്ഷൻ, ഫൈസി, കുസുമം ജോസഫ്, അഗസ്റ്റിൻ വട്ടോളി, ക്ലാരൻസ് പാലിയത്ത്, വി എസ് അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ എം രമ, രവിശങ്കർ കെ വി, സി ആർ നീലകണ്ഠൻ, എം സുൽഫത്ത്, ഡോ. കെ എം സീതി, കെ എ ഷാജി, സി യു ത്രേസ്യ, മാധവൻ പുറച്ചേരി, ഈസ ബിൻ അബ്ദുൾക്കരി, മധുരാജ്, ജോളി ചിറയത്ത്, ഉണ്ണി മാധവൻ, കെ രാജീവ്കുമാർ, അജിത ഉസ്മാൻ, ദേവദാസ് ക്ലാപ്പന, പ്രീത ഡോ. മുരളി കരിവെള്ളൂർ എന്നീ സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്.
മുഖ്യമന്ത്രി പദത്തിനായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ സി വേണുഗോപാൽ വിഭാഗം അവകാശപ്പെടുമ്പോൾ, 16 എംഎൽഎമാർ തന്നോടൊപ്പമുണ്ടെന്ന് രമേശ് ചെന്നിത്തലയും കരുതുന്നുണ്ട്. ഒമ്പത് എംഎൽഎമാർ വി ഡി സതീശനെ പിന്തുണക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം, 2021-ൽ ചെന്നിത്തലയെ മാറ്റി സതീശനെ കൊണ്ടുവന്ന സാഹചര്യം ആവർത്തിക്കരുതെന്ന് മുതിർന്ന നേതാക്കൾ നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ഗ്രൂപ്പ് താത്പര്യങ്ങൾ പരിഗണിക്കരുതെന്നും 'മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്നും രാഹുൽ ഗാന്ധി കർശന നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം മാത്രമേ മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും മന്ത്രിസഭാ രൂപവത്കരണം.
Content Highlights: As the Congress's chief ministerial debate continues, cultural activists have written an open letter to Rahul Gandhi in support of VD Satheesan