കോഴിക്കോട്: ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച് ടെലഗ്രാം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് കേരളത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോട്ടയം എന്നിവിടങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഐ ടൂളുകള്‍ ഉപയോഗിച്ച് മോര്‍ഫിങ് നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കാസര്‍കോട് മുപ്പത്തിരണ്ട് പേരുടെ ചിത്രങ്ങളാണ് ഒരാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കോട്ടയത്ത് വീട്ടമ്മയുടെ ചിത്രമാണ് ഒരാള്‍ മോര്‍ഫ് ചെയ്തത്. പുരുഷന്മാരുടെ ഫോട്ടോകളും സ്ത്രീകളുടേതിനൊപ്പം ചേര്‍ത്ത് വച്ചാണ് പ്രചരണം. പലരും അപമാനം ഭയന്ന് പരാതിപ്പെടാന്‍ മുതിരാത്തതിനാല്‍ പൊലീസ് നടപടികള്‍ക്ക് വേഗത കുറവാണെന്നാണ് ആരോപണം. നിലവില്‍ സ്ത്രീകള്‍ നേരിട്ട് തന്നെ പൊലീസ് സ്റ്റേഷനുകളിലെത്തി പരാതിയില്‍ നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥിതി വന്നതോടെ കൂടുതല്‍ നിരീക്ഷണം ഉറപ്പുവരുത്താന്‍ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം തീരുമാനിച്ചിരിക്കുകയാണ്.
നിലവില്‍ കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസ് എന്ന യുവാവിനെതിരെ പരാതിയുമായി രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന് എന്ന യുവതി പരാതി നല്‍കിയതോടെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധവും ശക്തമാകുകയാണ്.
ഏകദേശം 25വയസ് മാത്രം പ്രായമുള്ള യുവതിക്ക് പരിചിതനായ യുവാവാണ് ഇന്‍സ്റ്റഗ്രാമിലുള്ള യുവതികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്പന നടത്തിയതെന്നാണ് പരാതി. ഫോട്ടോ വില്പനക്ക് പുറമെ എക്സ്ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് പെണ്‍കുട്ടികള്‍ക്ക് വാട്സപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികള്‍ പറയുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ 10നാണ് വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സാന്ദ്ര പറയുന്നു. മോശമായ പേരുള്ള ഗ്രൂപ്പിലാണ് ഇത്തരം ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചെറുപ്പത്തില്‍ കണ്ടിട്ടുള്ള പരിചയമുള്ള യുവാവാണ് ഇതിന് പിന്നില്‍. ഗ്രൂപ്പിന്റെ ഡിപിയില്‍ പോലും തന്റെ ചിത്രമാണെന്നും സാന്ദ്ര പറയുന്നത്. കേസിന് പോകരുതെന്നാണ് യുവാവിന്റെ അമ്മ കരഞ്ഞ് പറഞ്ഞത്. കൊച്ചു കുട്ടികളുടെ ചിത്രം പോലും പ്രചരിപ്പിക്കുന്ന ഗ്രൂപ്പിനെ കുറിച്ച് യുവാവിനോട് ചോദിച്ചപ്പോള്‍ തെറ്റുപറ്റിപ്പോയെന്നാണ് ഇയാള്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തെന്നാണ് പറയുന്നതെന്നും സാന്ദ്ര റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
Content Highlights: Incidents of photo morphing involving girls’ images are reportedly increasing in Kerala. Authorities are seeing a rise in cases where altered images are being sold online, raising concerns about cybercrime and digital safety