തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ വിശദീകരണവുമായി സ്പീക്കർ എ എൻ ഷംസീർ. പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നുവെന്നും അവശയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കെതിരെ ആയുധം ഉപയോഗിച്ചെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ തനിക്ക് വന്ദേഭാരതിൽ കയറി പോകാൻ കഴിയുമായിരുന്നില്ല. അവരെ ആശുപത്രിയിൽ എത്തിക്കണമായിരുന്നെന്നും അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്നും സ്പീക്കർ വിശദീകരിച്ചു.
അതേസമയം വനിതാ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എന്തുകൊണ്ട് കെഎസ്യു പെൺകുട്ടികൾ വന്നില്ലെന്നും സംഘടനയിൽ പെൺകുട്ടികളില്ലേയെന്നും സ്പീക്കർ ചോദിച്ചു. സമരത്തിൽ പങ്കെടുക്കുമ്പോൾ ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടത്തിയത് എന്തോ അപരാധം എന്നാണ് കോൺഗ്രസ് പറയുന്നത്. ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലിലും കിടക്കേണ്ടി വരുമെന്നും സംഭവത്തിൽ കെഎസ്യു പ്രവർത്തകർ അറസ്റ്റിലായതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് വൈകുന്നേരം മൂന്നേ കാലോടെ വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു മന്ത്രിക്ക് നേരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. അതിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ കഴുത്തിൽ ബെൽറ്റ് ഇട്ടിട്ടുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Content Highlights: The Speaker clarified that he had never stated anywhere that a weapon was used against Minister Veena George during the protest