ആഗോള അയ്യപ്പ സംഗമം; നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ്വം ബോര്‍ഡ്; തുക പോരെന്ന് കമ്പനി

സംഗമത്തിന്റെ ചെലവിനത്തില്‍ കമ്പനിക്ക് ഇതുവരെ നല്‍കിയത് 3.69 കോടി രൂപയാണ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തിപ്പുകാരായ ഊരാളുങ്കലിന് 55 ലക്ഷം കൂടി കൈമാറി ദേവസ്വം ബോര്‍ഡ്. സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ച തുകയില്‍ നിന്നാണ് 55 ലക്ഷം രൂപ കൈമാറിയത്. 1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷം മാത്രമായിരിക്കും കൈമാറുക. സംഗമത്തിന്റെ ചെലവിനത്തില്‍ ഇതുവരെ നല്‍കിയത് 3.69 കോടി രൂപയാണ്. അതേസമയം തുക പോരെന്ന നിലപാടിലാണ് ഊരാളുങ്കല്‍ സൊസൈറ്റി. ചെലവായ ഏഴ് കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്.

പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നിട്ട് ഏഴ് മാസം പിന്നിട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിനും പ്രതിനിധികള്‍ക്കുള്ള താമസം, ഭക്ഷണം, ഗതാഗതം എന്നിവ ഏര്‍പ്പെടുത്തുന്നതിനും മറ്റുമുള്ള ഇവന്റ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ചവറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിനായി ചെലവഴിച്ച തുക സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതിനെക്കാള്‍ കൂടുതലാണെന്ന് ഓഡിറ്റിങ്ങില്‍ വ്യക്തമായെന്നും ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഓഡിറ്റ് സ്ഥാപനമായ വിജയന്‍ ആന്‍ഡ് അസോസിയേറ്റ്സായിരുന്നു അയ്യപ്പ സംഗമത്തിന്റെ വരവുചെലവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയത്. ഇത് പരിശോധിച്ച ശേഷമാണ് കോടതി ബോര്‍ഡ് ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പറഞ്ഞത്.

Content highlights- The Devaswom Board has provided an additional Rs 55 lakh to Uralungal for organizing the Global Ayyappa Sangamam

To advertise here,contact us