ഏകപക്ഷീയമായി തീരുമാനിക്കരുത്; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ നിര്‍ദേശവുമായി ലീഗ്

ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും പ്രധാനപ്പെട്ട നേതാക്കള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണിത്.

യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ പങ്ക് ഉണ്ട്. ഉപജാപക സംഘത്തിന്റെ പിടിയില്‍പ്പെട്ട് വ്യക്തിതാല്‍പര്യത്തിനനുസരിച്ച് പേ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കരുതെന്നാണ് നിര്‍ദേശം.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. അതേസമയം ഫലം വരാതെ തല്ക്കാലം നമ്മള്‍ ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്ലിം ലീഗിന് അങ്കലാപ്പില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'കേരളത്തില്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകും. അത് നടക്കട്ടെ. ഞങ്ങള്‍ അതില്‍ പങ്കെടുക്കേണ്ടതില്ല. ഫലം വരട്ടെ, യുഡിഎഫിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഘടകകക്ഷികളുമായി ആലോചിച്ചാണ് തീരുമാനിക്കുക. ജനവികാരം പരിഗണിച്ചുതന്നെയാണ് കോണ്‍ഗ്രസ് തീരുമാനമെടുക്കുക', എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Content Highlights:muslim League proposes decision on ministers' personal staff in udf cabinet

To advertise here,contact us