ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

പാലക്കാട്: ഊഞ്ഞാല്‍ ആടുന്നതിനിടെ വസ്ത്രം കഴുത്തില്‍ കുടുങ്ങി പത്ത് വയസ്സുകാരന്‍ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് പുറകുവശത്തുള്ള വീട്ടിലായിരുന്നു സംഭവം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു.

ഈ സമയത്ത് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. അല്‍പം കഴിഞ്ഞ് കുട്ടി പിടയുന്നത് കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: 10-year-old boy dies tragically after dress gets stuck around his neck

To advertise here,contact us