നൗഫലിനെതിരെ DYFIയുടെ സൈബർ ആക്രമണം, മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ മുഖ്യമന്ത്രി നൗഫലിനോടും മാപ്പ് പറയണം: OJ ജനീഷ്

ഇവരെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ ഡിവൈഎഫ്‌ഐ എന്താ പൊലീസ് ആണോയെന്ന് ഒ ജെ ജനീഷ്

തൃശൂര്‍: വയനാട് ടൗണ്‍ഷിപ്പില്‍ ലഭിച്ച വീട്ടിലെ ചോര്‍ച്ചയുണ്ടായ വീട്ടുടമ നൗഫലിനെ ഡിവൈഎഫ്‌ഐക്കാര്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. വീടിന് ചോര്‍ച്ചയുണ്ട് എന്ന് പറഞ്ഞതിന്റെ പേരില്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണം എന്നാണ് ഡിവൈഎഫ്‌ഐക്കാരന്‍ പറയുന്നതെന്ന് ഒ ജെ ജനീഷ് പറഞ്ഞു. മന്ത്രിക്ക് കിളി പോയി എന്ന് പറഞ്ഞതിനെതിരെയാണ് നൗഫലിനെതിരെ ആക്രമണം നടക്കുന്നതെന്നും ഒ ജെ ജനീഷ് കൂട്ടിച്ചേര്‍ത്തു.

'കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പരനാറി എന്ന് വിളിക്കാം. ആ കുടുംബത്തിലെ മറ്റുള്ളവരും നീയും മരിച്ച് പോകണം എന്ന് നൗഫലിനോട് ഡിവൈഎഫ്‌ഐക്കാര്‍ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി പറയുന്നു. ഇവരെയൊക്കെ കൈകാര്യം ചെയ്യുമെന്ന് പറയാന്‍ ഡിവൈഎഫ്‌ഐ എന്താ പൊലീസ് ആണോ?. ഡിവൈഎഫ്‌ഐക്കാരെ കാണുമ്പോള്‍ ഏതു രീതിയിലാണ് ബഹുമാനിക്കേണ്ടത്?, നരേന്ദ്രമോദിയെ കാണുമ്പോള്‍ പിണറായി ബഹുമാനിക്കുന്നത് പോലെയാണോ?. ഡിവൈഎഫ്‌ഐക്കാരെ കാണുമ്പോള്‍ ആരാണ് ബഹുമാനിക്കേണ്ടത്?', ഒ ജെ ജനീഷ് ചോദിച്ചു.

മമ്മൂട്ടിയോട് മാപ്പ് പറയാമെങ്കില്‍ ഡിവൈഎഫ്‌ഐയുടെ സൈബര്‍ ലിഞ്ചിങ്ങിന്റെ പേരില്‍ നൗഫലിനോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ഒ ജെ ജനീഷ് ആവശ്യപ്പെട്ടു. നൗഫലിന് അനുവദിച്ച് കൊടുത്ത വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു ഡിവൈഎഫ്‌ഐയെന്നും നൗഫലിനോട് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഡിവൈഎഫ്‌ഐയും മാപ്പ് പറയണമെന്നും ഒ ജെ ജനീഷ് പറഞ്ഞു.

റവന്യൂ മന്ത്രി കെ രാജനെതിരെയും ഒ ജെ ജനീഷ് പ്രതികരിച്ചു. മന്ത്രി ഉരച്ചുനോക്കി ചോര്‍ച്ചയില്ലെന്ന് പറയുന്നുവെന്ന് ഒ ജെ ജനീഷ് പറഞ്ഞു. മന്ത്രിക്ക് എന്ത് സാങ്കേതിക പരിജ്ഞാനമാണ് ഉള്ളതെന്നും ഒ ജെ ജനീഷ് കൂട്ടിച്ചേര്‍ത്തു. പരിശോധന നടത്തിയത് ബോധ്യപ്പെടുത്താന്‍ എന്നാണ് ഇന്നു മന്ത്രി പറഞ്ഞതെന്നും ആരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും ഒ ജെ ജനീഷ് പറഞ്ഞു. വീടിന്റെ ഉടമസ്ഥനായ നൗഫലിനെയായിരുന്നു ബോധ്യപ്പെടുത്തേണ്ടത്. നൗഫലിനെ ബോധ്യപ്പെടുത്തിയില്ലെന്നും തങ്ങള്‍ അവിടെ ചെന്ന് നൗഫലിനെ കേട്ടെന്നും ഒ ജെ ജനീഷ് പറഞ്ഞു.

അതേസമയം നൗഫലിനെ ആക്രമിക്കരുതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. നൗഫല്‍ ഒരു ദുരന്തബാധിതനാണ്. അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്ന വാക്കുകള്‍ ചൂളമടിച്ചും കൂക്കിവിളിച്ചും ആഘോഷിച്ചു. അയാളെ ആക്രമിക്കരുതെന്ന് രാജന്‍ ആവശ്യപ്പെട്ടു.

Content Highlights: Wayanad Township: O J Janeesh against DYFI on cyber attack against Noufal

To advertise here,contact us