തിരുവനന്തപുരം: വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ടൗണ്‍ഷിപ്പിലെ വീടിനുള്ളില്‍ കയറി മന്ത്രി കെ രാജന് നടത്തിയത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് കാണിച്ച കാപട്യമാണ് ഉദ്ഘാടനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രിയുടേത് നാടകമാണ്. മന്ത്രിയാണോ ചോര്‍ച്ച പരിശോധിക്കേണ്ടത്. പാലം വീണോയെന്ന് മന്ത്രിയാണോ പരിശോധിക്കേണ്ടത്. മന്ത്രിക്ക് ഇതുമായി എന്താണ് ബന്ധം. ഗുരുതരമായ ക്രമക്കേടാണ് ആരോപിക്കപ്പെട്ടത്. ഏച്ചുകെട്ടിയ ഉദ്ഘാടനം ആണ്. കാലം ഇതിനെല്ലാം കണക്ക് ചോദിക്കും. തെറ്റായ പ്രചാരണം നടത്തിയത് ഓരോന്നായി പുറത്തുവരികയാണ്', വി ഡി സതീശന് പറഞ്ഞു.
ടൗണ്‍ഷിപ്പില്‍ ഇപ്പോഴും ആളുകള്‍ക്ക് താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി കല്ലിട്ടിട്ട് പിറ്റേദിവസം പണി തുടങ്ങിയില്ലായെന്നാണ് തങ്ങള്‍ക്കെതിരായ ആരോപണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീട്ടില്‍ ആരും ഇതുവരെ താമസിച്ചിട്ടില്ലെന്നും വി ഡി സതീശന് പറഞ്ഞു. ആളുകളെ താമസിപ്പിക്കാനുള്ള സ്ഥിതിയില്‍ ആ വീടുകള്‍ ആയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി നടത്തിയ കാപട്യമായിരുന്നു ഉദ്ഘാടനം. പണി പൂര്‍ത്തിയായെങ്കില്‍ പിറ്റേദിവസം കയറി താമസിക്കാമല്ലോ. തെരഞ്ഞെടുപ്പ് കാലത്ത് ആഘോഷിച്ച് ആയിരക്കണക്കിന് ബോര്‍ഡ് വെച്ചു. ഒരാള്‍ക്ക് പോലും ഇതുവരെ ആ വീട്ടില്‍ താമസിക്കാനായിട്ടില്ല. ആരാണ് കളിപ്പിച്ചത് എന്നും വി ഡി സതീശന് ചോദിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നിലച്ചതില്‍ അത്ഭുതപ്പെടാനില്ലെന്ന് വി ഡി സതീശന് പറഞ്ഞു. സിപിഐഎം നേതാക്കള്‍ പ്രതിയായ കേസുകളിലെ ഇ ഡി അന്വേഷണം എങ്ങും എത്താറില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണം ഉദാഹരണമായുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേലും സമ്മര്‍ദ്ദം ചെലുത്തി. സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണം എങ്ങും എത്താന്‍ പോകുന്നില്ലെന്നും വി ഡി സതീശന് പറഞ്ഞു.
Content Highlights: Township Inaguration K Rajan doing Drama said v d satheesan