ഇടുക്കി: വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്ഷന് കൊടുക്കാന്‍ പോകുന്നതെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന ഒരു സര്‍ക്കാരും എസ്എന്‍ഡിപിയെ സഹായിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
'മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണ്. കേരള കോണ്‍ഗ്രസിന് പിന്നില്‍ പിതാക്കന്മാര്. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു', വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
താന്‍ മാത്രം ജാതി പറഞ്ഞാല്‍ വിവാദം ആകുമെന്നും ബാക്കി എല്ലാവര്ക്കും ജാതി പറയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ നീതി എന്ന് പറഞ്ഞാലും ജാതി എന്നാക്കുമെന്നും ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ ഈഴവ സമുദായത്തെ പരിഗണിച്ചില്ല. ആകെ ഉള്ളത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ഉടുമ്പന്‍ചോലയില്‍ മണിയാശാനെ നിര്‍ത്തിയാല്‍ പുഷ്പം പോലെ ജയിച്ചേനേ. അവിടെ മറ്റൊരു സഹോദരനെ നിര്‍ത്തിയെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെ കുറിച്ചും വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കെ സി വേണുഗോപാല്‍ അയോഗ്യനാണ് എന്ന് താന്‍ പറയില്ലെന്നും ആരാണ് യോഗ്യന്‍ എന്ന് പറയില്ലെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
'വി ഡി സതീശന് പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍ മാത്രം. രമേശ് ചെന്നിത്തലയെ അപ്രസക്തന്‍ ആക്കാനും സാധിക്കില്ല. കോണ്‍ഗ്രസിന്റെ അത്യുന്നത പദങ്ങളില്‍ ഇരുന്ന് പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തല. ജയിച്ച് വന്നാല്‍ കോണ്‍ഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാന്‍ യോഗ്യരാണ്', വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ശബരിമലയിലെ ഇ ഡി അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എല്ലാം അവസാനിക്കുമെന്ന് നേരത്തെ താന്‍ പറഞ്ഞതാണെന്നും അവസാനം അന്വേഷണവും ഉണ്ടാകില്ല, സ്വര്‍ണവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: SNDP Yogam General Secretary Vellappally Natesan makes controversial remarks again