'എനിക്ക് സംശയമൊന്നുമില്ല, വിള്ളല്‍ ഇല്ല'; ടൗണ്‍ഷിപ്പിലെ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ മായിച്ച് മന്ത്രി

വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിലെ പാടുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ മുകളില്‍ കയറി മായ്ക്കുകയും ചെയ്തു

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരു വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥലം സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ പെൻസിൽ കൊണ്ടുവരച്ച പാടുകള്‍ റവന്യൂ മന്ത്രി കെ രാജന്‍ മുകളില്‍ കയറി മായ്ക്കുകയും ചെയ്തു.

'ഇത് സാധാരണനിലയ്ക്ക് വിള്ളലാണെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടോ? എനിക്ക് സംശയം ഇല്ല', എന്നായിരുന്നു പാട് ഉരച്ചുമായ്ച്ച ശേഷം മന്ത്രി പറഞ്ഞത്. വീട് കൈമാറിയതിന് ശേഷമാണ് പ്രശ്‌നം വന്നിരുന്നതെങ്കില്‍ അത് ഗൗരവമാകുമായിരുന്നുവെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വീട് കൈമാറിയതിന് ശേഷവും വിള്ളലില്‍ കൂടി വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാല്‍ ഈരാളുങ്കല്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം സര്‍ക്കാര്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും അന്ന് ചടങ്ങില്‍വെച്ച് കൈമാറിയത് പട്ടയം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

രണ്ടിടങ്ങളിലാണ് നിലവില്‍ വിള്ളല്‍ കണ്ടെത്തിയത്. അടുത്ത മാസത്തോടെ 178 വീടുകള്‍ താമസയോഗ്യമാക്കി കൈമാറുമെന്നാണ് മന്ത്രി പറയുന്നത്. ഒരുമാസവും തെറ്റാതെ വാടകയും ദിനബത്തയും കൂപ്പണും ഈ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ഒരു ദുരന്തം ഉണ്ടായി ഈമാസമടക്കം മുറതെറ്റാതെ കൊടുക്കുന്നത് ചൂരല്‍മല ദുരന്തത്തില്‍ മാത്രമായിരിക്കും. കേരളത്തിലും മറ്റൊരു അനുഭവം ഉണ്ടായിട്ടില്ലയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Wayanad township Minister K rajan removes stains from roof of the house

To advertise here,contact us