നിതിൻ രാജിന്റെ മരണം: അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം; സമൂഹമാധ്യമങ്ങളിൽ തങ്ങളെ വേട്ടയാടുന്നുവെന്ന് സഹപാഠി

പൊലീസ് ഒരു വിവരവും കുടുംബത്തെ അറിയിക്കുന്നില്ലെന്നും നിതിന്‍ രാജിന്റെ ചേച്ചിയുടെ ഭര്‍ത്താവ് പറഞ്ഞു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളേജ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കുടുംബം. അന്വേഷണം ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് മാത്രമാണ് നില്‍ക്കുന്നതെന്നും ലോണ്‍ ആപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല മരണ കാരണമെന്നും നിതിന്‍ രാജിന്റെ ചേച്ചിയുടെ ഭര്‍ത്താവ് അശോക് കുമാര്‍ പറഞ്ഞു.

'ലോണ്‍ എടുത്തിട്ടുണ്ട് എന്നുള്ളത് ശരിയാണ്. അത് കുടുംബത്തിനും അറിയാം. എന്നാല്‍ ലോണ്‍ ആപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല മരണം. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് നിതിനെ വിചാരണ ചെയ്തിട്ട് ഉണ്ട്. പ്രിന്‍സിപ്പലിലേക്കും ലതയിലേക്കും ദൃശ്യങ്ങളിലുള്ള എല്ലാവരിലേക്കും അന്വേഷണം പോകണം. എല്ലാ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. സിസിടിവി ഇല്ലാത്ത ഭാഗത്ത് ആരെങ്കിലും വന്നു പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം', അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഒരു വിവരവും കുടുംബത്തെ അറിയിക്കുന്നില്ലെന്നും കുടുംബത്തിനുള്ളത് വാര്‍ത്തയില്‍ വരുന്ന അറിവുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റും ഇതുവരെ കുടുംബത്തെ വിളിച്ചിട്ടില്ലെന്ന് അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് നിതിന്റെ സഹപാഠി നാസിം പറഞ്ഞു.

'തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഡോക്ടര്‍ ആകണം എന്നായിരുന്നു അവന്റെ ആഗ്രഹം. പ്രശ്‌നങ്ങളെ അവന്‍ അതിജീവിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ അന്ന് എന്തോ നടന്നു. അവന് വിഷമിക്കാന്‍ ഉള്ള എന്തോ സാഹചര്യം ഉണ്ടായി അതാണ് കാരണം. ക്ലാസില്‍ ജാതി അധിക്ഷേപം നടന്നതായി അറിയില്ല. പുറത്ത് വച്ച് ജാതി അധിക്ഷേപം നടത്തിയോ എന്നും അറിയില്ല', നാസിം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ മാധ്യമങ്ങള്‍ തങ്ങളെ വേട്ടയാടുന്നുവെന്നും വ്‌ളോഗര്‍മാര്‍ തങ്ങളെ വേട്ടയാടുന്നുവെന്നും നാസിം പറഞ്ഞു. 'മരണത്തിന് കാരണം ഞങ്ങള്‍ ആണെന്ന് പോലും പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങളെ അധിക്ഷേപിക്കുന്നു. റീച്ച് കിട്ടാന്‍ വേണ്ടി ഞങ്ങളെ ഉപയോഗിക്കുന്നു. ഇനിയും അങ്ങനെ ആവര്‍ത്തിച്ചാല്‍ പരാതി നല്‍കും. ഡോക്ടര്‍ റാം അധിക്ഷേപിച്ചതിലും ബോഡി ഷേമിങ് നടത്തിയതിലും പരാതി നല്‍കിയിട്ടുണ്ട്', നാസിം പറഞ്ഞു.

Content Highlights: Anjarakkandy dental college student Nithin Raj against Kerala Police

To advertise here,contact us