'കേരളത്തിലെവിടെയും ബിജെപി ജയിക്കില്ല'; മഞ്ചേശ്വരത്തും നേമത്തും സ്വീകരിച്ച നിലപാട് വ്യക്തമാക്കി എസ്ഡിപിഐ

"ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ല"

മലപ്പുറം: നിയമസഭ തെരെഞ്ഞെടുപ്പിൽ ആരും ആവശ്യപ്പെട്ടിട്ട് അല്ല ഒരു പ്രത്യേക മുന്നണിക്ക് വോട്ട് ചെയ്തതെന്ന് എസ്ഡിപിഐ. ഔദ്യോഗികമായി ഒരു ആവശ്യവും ആരും ഉന്നയിച്ചിട്ടില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് റിപ്പോർട്ടറിനോട് പറഞ്ഞു. ആർക്ക് വോട്ട് ചെയ്തു എന്നത് എസ്ഡിപിഐ പ്രവർത്തകർക്ക് മാത്രം അറിയുന്ന കാര്യമാണെന്നും ആരെ പിന്തുണച്ചു എന്നത് പരസ്യമാക്കില്ലെന്നും സി പി എ ലത്തീഫ് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമില്ലെന്നും ഫലം പ്രവചനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ചേശ്വരം, നേമം എന്നീ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്വീകരിച്ച സമീപനത്തെ കുറിച്ചും സി പി എ ലത്തീഫ് വ്യക്തമാക്കി. 'എസ്ഡിപിഐ 36 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. മികച്ച മത്സരം കാഴ്ചവെച്ചു. നല്ല വോട്ട് ഷെയർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റുള്ള മണ്ഡലങ്ങളിൽ, ഒരു മുന്നണിയ്ക്ക് വോട്ട് ചെയ്യാനാണ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

മഞ്ചേശ്വരത്ത് എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് എ കെ എം അഷ്റഫ് പറഞ്ഞിരുന്നു. എസ്ഡിപിഐ മതേതര പാർട്ടിയാണെന്നും അഷ്റഫ് പറഞ്ഞു. മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാട് എടുത്തു. മഞ്ചേശ്വരത്തിന് പ്രത്യേക മുൻഗണന കൊടുത്തിട്ടുണ്ട്. നേമത്ത് വി ശിവൻകുട്ടിക്ക് തന്നെയാണ് പിന്തുണ നൽകിയത്. നേമത്ത് പ്രത്യേക പശ്ചാത്തലം ഉള്ളതുകൊണ്ട് അങ്ങനെ തീരുമാനിച്ചതാണ്. കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കാൻ പോകുന്നില്ല. ,' സിപിഎ ലത്തീഫ് പറഞ്ഞു. ശക്തമായ മത്സരമാണ് നടന്നിരിക്കുന്നത് എന്നും സംസ്ഥാനത്ത് തൂക്ക് മന്ത്രി സഭ ആയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിലേത് പോലെ ഭരണവിരുദ്ധ വികാരം നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തില്ലെന്ന് വോട്ടെടുപ്പിന് മുൻപ് തന്നെ സി പി എ ലത്തീഫ് വ്യക്തമാക്കിയിരുന്നു. എസ്ഡിപിഐയുടെ വോട്ട് ആവശ്യമില്ലെന്ന നിലപാട് തിരുത്താൻ വി ഡി സതീശൻ തയ്യാറായാൽ യുഡിഎഫിന് പിന്തുണ നൽകുന്നതിനെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്. എസ്ഡിപിഐ പിന്തുണയുടെ പേരിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ നടക്കുകയും ഇതൊരു രാഷ്ട്രീയവിഷയമായി തീരുകയും ചെയ്തിരുന്നു.

Content Highlights: SDPI President CPA Latheef says the party gave support to one political front in Kerala election 2026, without anyone asking

To advertise here,contact us