ശ്രീനന്ദ ആദ്യം ബാരിക്കേഡ് മറികടന്ന് അങ്ങോട്ടേക്ക് പോയിരുന്നു, ഞങ്ങൾ വഴക്കുപറഞ്ഞാണ് തിരികെ കയറ്റിയത്: ബന്ധു

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്

പാലക്കാട്: കര്‍ണാടകയില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദ അപകടം നടന്ന ഭാഗത്തേക്ക് പോയിട്ടുണ്ടെന്ന് വല്യച്ഛന്‍ ശശികുമാര്‍ റിപ്പോര്‍ട്ടറിനോട്. ആദ്യം ബാരിക്കേഡ് മറികടന്ന് കുട്ടി അങ്ങോട്ടേക്ക് പോയിരുന്നുവെന്നും വഴക്കുപറഞ്ഞ ശേഷമാണ് തിരികെ കയറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ കുട്ടിയുടെ ബോഡി കിട്ടിയ ഭാഗത്തേക്ക് പോയിട്ടുണ്ട്. ആദ്യം ബാരിക്കേഡ് മറികടന്ന് കുട്ടി അങ്ങോട്ടേക്ക് പോയിരുന്നു. ഞങ്ങള്‍ വഴക്കുപറഞ്ഞ ശേഷമാണ് തിരികെ കയറിയത്. പിന്നീട് ആ സൈഡില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാണാതെ വീണ്ടും പോയതായിരിക്കാം. ചെറിയ സമയത്തിനുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. ബാക്കി കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിക്കട്ടെ', അദ്ദേഹം പറഞ്ഞു.

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യൂപോയിൻ്റിന് താഴെ മരത്തിന് മുകളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് തെരച്ചില്‍ നടത്തിയത്.

ശ്രീനന്ദയുടെ മരണത്തില്‍ കുടുംബം ആദ്യം തന്നെ ദുരൂഹത ആരോപിച്ചിരുന്നു. തലയുടെ വലത് ഭാഗത്ത് ഏറ്റ ഗുരുതര പരിക്കാണ് ശ്രീനന്ദയുടെ മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണ്. വീഴ്ച മൂലമുണ്ടായ പരിക്കുകളാണെന്നും അസ്വാഭാവികതയൊന്നും ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: sreenanda who missed from bengaluru chikkamagaluru case updates

To advertise here,contact us