'ഇനി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആക്രമിച്ചാൽ ജി സുധാകരന്റെ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തും': സജി ചെറിയാൻ

ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും കാട്ടിയെന്നും അതിനെല്ലാം അനുഭവിക്കാതെ സുധാകരൻ ഈ ലോകത്തുനിന്നും പോകില്ലെന്നും സജി ചെറിയാൻ പറഞ്ഞു

ആലപ്പുഴ: ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ ജി സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മന്ത്രി സജി ചെറിയാന്‍. നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും സുധാകരന്‍ വര്‍ഗവഞ്ചകനും ചതിയനുമാണെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി സുധാകരന്റെ വീട്ടിലെ തേങ്ങയിട്ടിട്ടല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ഉണ്ടാക്കിയതെന്നും ഒരാള്‍ തകരാവുന്നതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂര്‍ കൊണ്ടാണ് ജി സുധാകരന്‍ വലതുപക്ഷമായതെന്നും സജി ചെറിയാന്‍ പരിഹസിച്ചു.

'ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആക്രമിച്ചാല്‍ സുധാകരന്റെ കാര്യങ്ങള്‍ ഓരോന്നായി വെളിപ്പെടുത്തും. നഷ്ടപ്പെടുത്താന്‍ ഒന്നുമില്ല. കൃഷ്ണപ്പിളള സ്മാരകം തകര്‍ത്തെന്നാണ് എന്നെക്കുറിച്ച് ആരോപണം. തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ. ഞാന്‍ സുധാകരന്റെയും സുധാകരന്‍ എന്റെയും നിഴലായി നിന്ന കാലമാണത്. മര്യാദകെട്ട വര്‍ത്തമാനമാണത്. ഞാനും തിരിച്ച് ആരോപണം ഉന്നയിച്ചാലോ? ജി സുധാകരനാണ് സ്മാരകം കത്തിക്കാന്‍ പോയതെന്ന് ഞാന്‍ പറഞ്ഞാലോ? എന്താണ് ജി സുധാകരന്‍, ആരാണ് ജി സുധാകരന്‍ എന്ന് ഞങ്ങള്‍ക്ക് പറയേണ്ടിവരും. കെ സി വേണുഗോപാല്‍ ആലപ്പുഴ കടലില്‍ ചാടി ചാകേണ്ടിവരും. ആറുമാസത്തിനുളളില്‍ ജി സുധാകരനെ തളളിപ്പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോ. ഞങ്ങളത് അനുഭവിച്ചതല്ലേ. സുധാകരന്‍ ജയിച്ചാലും തോറ്റാലും കെ സി വേണുഗോപാലിന്റെ അന്ത്യമാണ്. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും ഇല്ലാത്ത ആവേശം ജി സുധാകരന് വേണ്ട': സജി ചെറിയാന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സി വേണുഗോപാലിനെ ജയിപ്പിക്കാന്‍ ജി സുധാകരന്‍ ശ്രമിച്ചെന്നും അതിനുളള പാരിതോഷികമാണ് സുധാകരന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെന്നും സജി ചെറിയാന്‍ ആരോപിച്ചു. തന്നെ മാഫിയയും മുതലാളിയുമാണ് എന്നാണ് ജി സുധാകരന്‍ പറയുന്നത്, ഏതെങ്കിലും ഒരു മാഫിയയുടെ ഒരു ചായയെങ്കിലും താന്‍ വാങ്ങി കുടിച്ചിട്ടുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. ശത്രുക്കള്‍ പോലും അങ്ങനെ തന്നെപ്പറ്റി പറയാറില്ല. ജി സുധാകരന്‍ അഞ്ചുരൂപ കിട്ടിയല്‍ അത് പോക്കറ്റില്‍ വെച്ചുകൊണ്ടുപോകുന്നത് പോലെ സജി ചെറിയാന്‍ പോകില്ല. തന്റെ കയ്യില്‍ കിട്ടിയാല്‍ അത് ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കും എന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 'തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ വികാരം ഉണ്ടായിരുന്നില്ല. 2021-ല്‍ കണ്ട സര്‍ക്കാര്‍ അനുകൂല ട്രെന്‍ഡ് ഇത്തവണയും ഉണ്ടായി. കേരളത്തിലെ യുഡിഎഫിനെ ആര് നയിക്കും? കോണ്‍ഗ്രസിനുളളില്‍ വലിയ തമ്മിലടി ഉണ്ട്. അത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും. തമ്മില്‍ അടിക്കുന്ന പാര്‍ട്ടിക്ക് ഒരു നേതാവിനെ കണ്ടെത്താന്‍ പോലും കഴിയുന്നില്ല. മുസ്ലിം ലീഗ് ഉയര്‍ത്തുന്ന ന്യൂനപക്ഷ വര്‍ഗീയതയെ ജനങ്ങള്‍ ഭയപ്പെടുന്നു. ലീഗ് നടത്തുന്ന ന്യൂനപക്ഷ വര്‍ഗീയതയെയും ബിജെപി നടത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയെയും ജനങ്ങള്‍ ഭയക്കുന്നു. പിണറായിക്ക് ബദലായി മറുഭാഗത്ത് ആരുമില്ല. കോണ്‍ഗ്രസിലെ തമ്മിലടി വിനയായി. ലീഗിന്റെ പിന്തുണയാണ് യുഡിഎഫിനെ നയിച്ചത്. മതേതരത്വത്തെ സംരക്ഷിക്കാന്‍ യുഡിഎഫിനേക്കാള്‍ മികച്ചത് എല്‍ഡിഎഫാണ്. ന്യൂനപക്ഷ മേഖലയില്‍ നിന്ന് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പിന്തുണ ഇത്തവണ ലഭിച്ചു. ആലപ്പുഴ ജില്ലയില്‍ 8 സീറ്റുകളിലും ജയിക്കും. ഹരിപ്പാടും എല്‍ഡിഎഫിന് അട്ടിമറി ജയം ഉണ്ടായേക്കും': സജി ചെറിയാന്‍ പറഞ്ഞു.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയെ ജി സുധാകരന്‍ അധിക്ഷേപിച്ച സംഭവത്തിലും സജി ചെറിയാന്‍ വിമര്‍ശനമുന്നയിച്ചു. 'ജില്ലാ സെക്രട്ടറിയെ സംബന്ധിച്ച് പറഞ്ഞത് നാറിയ വര്‍ത്തമാനമാണ്. ആര്‍ നാസര്‍ ഈഴവനോ മുസ്ലീമോ എന്ന ചര്‍ച്ച ഉണ്ടാക്കി. ഈഴവനായ നാസറിനെ പരിഗണിച്ചില്ല എന്ന ധ്വനി ഉണ്ടാക്കാനായിരുന്നു അത്. സുധാകരന്‍ നടപടി വാങ്ങിയതിനെക്കുറിച്ച് കമ്മറ്റി റിപ്പോര്‍ട്ട് കൃത്യമായി എഴുതിവെച്ചിട്ടുണ്ട്. ഒരു കടുക് മണിയുടെ പോലും സ്‌നേഹം ഈ മനുഷ്യന് പാര്‍ട്ടിയോട് ഉണ്ടായിരുന്നോ? സ്വന്തം കുടുംബാംഗങ്ങള്‍ പോലും ഇയാളെ വിശ്വസിക്കുമോ? സുജാതയെ ആക്രമിച്ചതില്‍ അയ്യായിരം വോട്ടെങ്കിലും ഇയാള്‍ക്ക് നഷ്ടപ്പെടും. അദ്ദേഹം ചെയ്തതിനെല്ലാം അനുഭവിക്കും. ഒരിക്കലും ചെയ്യരുതാത്ത വഞ്ചനയും ചതിയും കാട്ടി. അതിനെല്ലാം അനുഭവിക്കാതെ ഈ ലോകത്തുനിന്നും പോകില്ല': സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Will reveal about g sudhakaran if he attack communist party again says saji cheriyan

To advertise here,contact us