'അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് മകന്റെ സുഹൃത്തായ സിപിഐഎം നേതാവിന്റെ മകന്‍'; ബിന്ദു കൃഷ്ണ റിപ്പോർട്ടറിനോട്

അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലം ആശ്രാമത്ത് മകന്റെ പേരിലുള്ള കാര്‍ അപകടത്തില്‍പ്പെട്ടതില്‍ വാഹനം ഓടിച്ചത് സിപിഐഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ റിപ്പോര്‍ട്ടറിനോട്. അപകടം നടന്ന സമയം മകനല്ല വാഹനം ഓടിച്ചതെന്നും അവര്‍ പറഞ്ഞു.

'മകന്റെ കൂട്ടുകാരനാണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തുള്ള സിപിഐഎം നേതാവിന്റെ മകനാണ്. ഇത് രാഷ്ട്രീയ വിഷയം ആക്കേണ്ട കാര്യമല്ല. എന്റെ മകന് അപകടമുണ്ടായാല്‍ എങ്ങനെയാണോ, അതുപോലെയാണ് എനിക്കീ അപകടം. കുഞ്ഞുങ്ങള്‍ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്നാണ് പ്രാർത്ഥന', ബിന്ദു കൃഷ്ണ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 6.40നായിരുന്നു അപകടമുണ്ടായത്. ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ആണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു. ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തുിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പ്രതിയുടെ പേര് പരാമര്‍ശിക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

Content Highlights: Bindu Krishna told that the vehicle in kollam accident was driven by the son of a CPM leader not his son

To advertise here,contact us