കാസര്‍കോട്: തനിക്കെതിരായ വ്യക്തി അധിക്ഷേപം അതിരുകടക്കുന്നുവെന്ന് കാസര്‍കോട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍. ബിജെപി ഏജന്റും മുനാഫിഖ് പരാമര്‍ശവും കഴിഞ്ഞ് കുടുംബ കാര്യങ്ങള്‍പ്പോലും പ്രചാരണ വിഷയമാക്കുകയാണെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു.
വികസനം പറയാന്‍ ഇല്ലാത്തതുകൊണ്ടാണ് വ്യക്തി അധിക്ഷേപം നടത്തുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പരസ്യസംവാദത്തിന് തയ്യാറുണ്ടോ? യുഡിഎഫ് പറയുന്ന സ്ഥലത്ത് വരാമെന്നും ഷാനവാസ് പാദൂര്‍ പറഞ്ഞു.
ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന നടത്തിയ പ്രസംഗം വലിയ വിവാദമായിരുന്നു. ഷാനവാസ് പാദൂര്‍ 'കപട വിശ്വാസിയുടെ പണി എടുക്കുന്നവന്' ആണെന്നായിരുന്നു ആയിഷത്ത് ഫര്‍സാന പറഞ്ഞത്. കപടവിശ്വാസി എന്ന അര്‍ത്ഥം വരുന്ന മുനാഫിഖ് എന്ന പദമാണ് ആയിഷത്ത് ഫര്‍സാന ഉപയോഗിച്ചത്.
'ഷാനവാസ് പാദൂര്‍ എന്നൊരു സ്ഥാനാര്‍ത്ഥിയുണ്ടല്ലോ. രാവിലെ ഒരു കൊടി പിടിച്ച് ഉച്ചയ്ക്ക് മറ്റൊരു കൊടി പിടിച്ച് വൈകുന്നേരം മറ്റൊരു കൊടി പിടിച്ച് മുനാഫിഖിന്റെ പണിയെടുത്ത് കൊണ്ട് നമ്മളോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ വരികയാണ്. പിണറായി വിജയന് എന്ന സഖാവ് പറഞ്ഞതുപോലെ നമുക്കും പറയാനുണ്ട്, കടക്ക് പുറത്ത്' എന്നാണ് ആയിഷത്ത് ഫര്‍സാന പ്രസംഗത്തില്‍ പറഞ്ഞത്.
Content Highlights: personal attacks against him are going too far Said Shanavas Padhoor