എന്‍ എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്, മരണത്തില്‍ കോണ്‍ഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല: ടി മുഹമ്മദ്

എൻ എം വിജയൻ്റെ മരണത്തിൽ കുടുംബത്തിനെതിരെ മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്

കൽപ്പറ്റ: സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിനെതിരെ വിവാദ വെളിപ്പെടുത്തലുമായി യുഡിഎഫ് നേതൃത്വം. എൻ എം വിജയനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.

അന്വേഷണം നടത്തിയാൽ ഗാന്ധി സ്ക്വയറിൽ സത്യാഗ്രഹം ഇരിക്കുന്നവരായിരിക്കും ആദ്യം ഉൾപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. വിജയൻ്റെ മരണത്തിൽ കോൺഗ്രസിനോ ഐ സി ബാലകൃഷ്ണനോ ബന്ധമില്ല. ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണം നിലവിൽ പുറത്തുവന്ന കാര്യങ്ങളല്ലയെന്നും ടി മുഹമ്മദ് പറഞ്ഞു. എൻ എം വിജയൻ്റെ മരണത്തിൽ പൊലീസ് കോടതിയിൽ നൽകിയ ആത്മഹത്യാ കുറിപ്പ് പുറത്തുവിടാൻ തയ്യാറാകണം. കോടതി പ്രതിയെന്ന് തീരുമാനിക്കും വരെ ഐ സി ബാലകൃഷ്ണൻ കുറ്റക്കാരനല്ലെന്നും മുഹമ്മദ് വ്യക്തമാക്കി.

ഐ സി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയതിൽ വിമർശനവുമായി എൻ എം വിജയൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞിരുന്നു.

കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരനായ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താന്‍ പിതാവിനെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ തയ്യാറാകണമെന്നും വിജേഷ് ആവശ്യപ്പെട്ടിരുന്നു.

എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണാ കേസില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ഒന്നാംപ്രതി. മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രണ്ടാംപ്രതിയാണ്. മുന്‍ കോണ്‍ഗ്രസ് നേതാവ് കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവര്‍ മൂന്നും നാലും പ്രതികളാണ്. കേസില്‍ നേരത്തെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമ്മര്‍പ്പിച്ചത്.

ഡിസംബര്‍ 25-നാണ് എന്‍ എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.

പിന്നാലെ എൻ ഡി അപ്പച്ചനെതിരെ എൻ എം വിജയന്റെ മരുമകൾ നിരന്തരമായി ആരോപണം ഉന്നയിച്ച് രംഗത്തെത്തി. എൻ ഡി അപ്പച്ചൻ എൻഎം വിജയനെ ചതിക്കുകയാണ് ചെയ്തതെന്ന് പത്മജ പറഞ്ഞിരുന്നു. എൻഡി അപ്പച്ചന് നാണമില്ലെന്നും പൊലീസ് അപ്പച്ചനെ പ്രതിയാക്കിയത് വെറുതെയല്ലെന്നും അവർ പറഞ്ഞിരുന്നു. സംഘടനയ്ക്ക് അകത്തു നിന്ന് നിന്ന് തന്നെ വിവിധ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എൻഡി അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Content Highlight : Controversial revelations by UDF leadership against family in connection with NM Vijayan’s death. There is no connection between the Congress party or IC Balakrishnan and Vijayan’s death.

To advertise here,contact us