ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തെരഞ്ഞടുപ്പ് പ്രചരണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാഹുലിന്റെ പ്രചരണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്ത നാടല്ലല്ലോ ഇത്. കോണ്‍ഗ്രസ് പുറത്താക്കി എന്നെ ഉള്ളൂവെന്നും രാഹുലിന്റെ പശ്ചാത്തലം കോണ്‍ഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗികാരോപണക്കേസുകള്‍ക്ക് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിപ്പെട്ട രാഹുല്‍ സമൂഹ മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇതിലാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.
പത്ത് വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇനി ചെയ്യുമെന്നാണ് പറയുന്നത്. സമ്പൂര്‍ണ ദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പ്രകടന പത്രികയിലും അത് തന്നെ പറയുന്നു. എല്ലാം തട്ടിപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
2021-ലെ പ്രകടന പത്രികയിലെ പെന്ഷന് തുക ഇപ്പോഴും നല്‍കാനായില്ലെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ വാര്‍ത്ത നല്‍കിയതില്‍ കൈരളി ന്യൂസിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ചാനല്‍ സമാധാനം പറയേണ്ടി വരുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു. മെയ് ഒമ്പത് കഴിഞ്ഞും ദിവസങ്ങള്‍ ഉണ്ടാവുമല്ലോ, അപ്പോള്‍ കാണാം. വയനാട് ഫണ്ടില്‍ കണക്കുണ്ട്. അത് കെപിസിസി പറയും. എന്ത് ചോദ്യം ചോദിച്ചാലും തങ്ങള്‍ക്ക് മറുപടി ഉണ്ട്. വീട്ടില്‍ പോയി ചോദിക്കാന്‍ പറയില്ല. ചോദ്യം ചോദിക്കുന്നവരെ സൈബര്‍ ഇടത്തില്‍ അധിക്ഷേപിക്കില്ലെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: KC Venugopal asks what is wrong with Rahul mamkootathil campaigning