വ്യാജ കാര്‍ഡ് നിര്‍മിച്ച് ശീലം കോണ്‍ഗ്രസിന്; കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞ് പോകരുത്: ഇ പി ജയരാജന്‍

പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും ഇ പി ജയരാജന്‍

കണ്ണൂര്‍: വ്യാജ ആധാര്‍ കാര്‍ഡ് ആരോപണത്തില്‍ സംഘടനാചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സിപിഐഎം നേതാവ് ഇ പി ജയരാജന്‍. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് കെ സി വേണുഗോപാലെന്ന് ആലോചിക്കണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പയ്യന്നൂരിലെ യുഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുടെ മെഗാഫോണ്‍ ആയി കെ സി വേണുഗോപാല്‍ മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കെ സി വേണുഗോപാലിന്റെ നിലവാരം കുറഞ്ഞു പോകരുത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ച് ശീലം ഉള്ളത് കോണ്‍ഗ്രസിനാണ്. വിവരദോഷികളായി കോണ്‍ഗ്രസ് മാറരുത്', ഇ പി ജയരാജന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണത്തിലും ഇ പി ജയരാജന്‍ പ്രതികരിച്ചു. എല്ലാ ജനങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് വേണമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും മുന്നണിയാണ് എല്‍ഡിഎഫ്. വോട്ട് ചോദിച്ച് എല്ലാ പാര്‍ട്ടിക്കാരുടെയും വീട്ടില്‍ പോകാറുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുണ്ടെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചിരുന്നു. പരാജയഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടി പി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

അതേസമയം വിഷയത്തില്‍ കെ സി വേണുഗോപാലിന് സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പയ്യന്നൂരിലെ വ്യാജ കാര്‍ഡ് ആരോപണത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നിയമനടപടി സ്വീകരിച്ചത്. അഭിഭാഷകനായ കെ വിശ്വം മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നേരത്തെ വിഷയത്തില്‍ കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പിന്നാലെ ഡെപ്യൂട്ടി കളക്ടറോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും നിയമനടപടി വന്നിരിക്കുന്നത്.

Content Highlights: E P Jayarajan against K C Venugopal on fake Aadhar card allegation

To advertise here,contact us