സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക

കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്സുമാർ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് നഴ്സുമാർ സമരം തുടങ്ങിയത്. നഴ്സുമാരുടെ സമരം കർശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്മെൻ്റ് അസോസിയേഷൻ ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം.

കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്സുമാർ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, മലബാർ ആശുപത്രികളിലെ നഴ്സുമാർ പൂർണമായും പണിമുടക്കും. ഇതോടെ ന​ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവർത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച മധ്യസ്ഥ ചർച്ച പരാജയപ്പെട്ടിരുന്നു. യുഎൻഎ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റുകളും തമ്മിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത ആശുപത്രികളിൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മധ്യസ്ഥ ചർച്ച നടന്നത്. ശമ്പള വർധനവ്, സേവന വ്യവസ്ഥകളിലെ മാറ്റങ്ങൾ, ജോലിസമയം എന്നിവയിൽ വ്യക്തമായ തീരുമാനത്തിലെത്താൻ സാധിച്ചില്ലെന്നാണ് ആരോപണം. ധാരണയിലെത്താത്ത ആശുപത്രികളിൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്നും അതിനൊപ്പം പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.

Content Highlights: Private hospital nurses in the state have begun a strike again

To advertise here,contact us