രണ്ട് തെരഞ്ഞെടുപ്പുകളിൽ വോട്ടിനായി സതീശൻ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചു: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍

'1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സതീശന്‍ തോല്‍ക്കുകയാണ് ചെയ്തത്. 2001ല്‍ വിജയിക്കുക എന്ന ലക്ഷ്യംവെച്ചാണ് സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്'

കൊച്ചി: രണ്ട് തെരഞ്ഞെടുപ്പുകളില്‍ വോട്ടിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചിരുന്നുവെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു. 2001ലെയും 2006ലെയും തെരഞ്ഞെടുപ്പുകളിലാണ് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ സമീപിച്ചത്. 1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സതീശന്‍ തോല്‍ക്കുകയാണ് ചെയ്തത്. 2001ല്‍ വിജയിക്കുക എന്ന ലക്ഷ്യംവെച്ചാണ് സതീശന്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അന്ന് കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് ഇന്നുകാണുന്ന വിരോധമുണ്ടായിരുന്നില്ലെന്നും ആര്‍ വി ബാബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് മാതു സജി'യില്‍ ആയിരുന്നു ആര്‍ വി ബാബുവിന്റെ പ്രതികരണം.

2006ല്‍ ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നും മുന്‍പ് ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും ആർ വി ബാബു പറഞ്ഞു. അന്ന് അങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്തില്ല എന്നുപറഞ്ഞ് അതിനെ പരിപൂര്‍ണമായി നിരാകരിക്കുകയാണ് സതീശന്‍ ചെയ്തതെന്നും ആര്‍ വി ബാബു ചൂണ്ടിക്കാട്ടി.

2006ല്‍ ആ പരിപാടിയില്‍ പങ്കെടുത്ത പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. പ്രമുഖ പത്ര പ്രവര്‍ത്തകന്‍ പി രാജന്‍, പതിനാറ് വര്‍ഷത്തോളം ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ സഹോദരന്‍ കൂടിയായ ആര്‍ വി ജയകുമാര്‍ അടക്കം ആ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 'മതഭീകരവാദവും മുന്നണി രാഷ്ട്രീയവും' എന്ന പേരില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. ആ ചിത്രം സതീശന്‍ നിരാകരിച്ചാല്‍ പിന്നെ എന്താണ് നിരാകരിക്കാന്‍ പറ്റാത്തതെന്ന് ആര്‍ വി ബാബു ചോദിച്ചു. അത് ഫേക്ക് ചിത്രമാണെങ്കില്‍ തനിക്കെതിരെ പരാതി നല്‍കണമായിരുന്നു. താന്‍ സതീശനെ വെല്ലുവിളിച്ചതാണ്. സതീശന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ 'ഡീല്‍' ആരോപണം ഉന്നയിച്ചത്. 2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് സതീശന്‍ വ്യക്തമാക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വി ഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആര്‍എസ്എസിന്റെ രണ്ടാം സര്‍ സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വി ഡി സതീശന്‍ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്. 2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006-ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Content Highlights- Hindu Aikyavedi state president RV Babu alleged that opposition leader V D Satheesan approached RSS leaders seeking votes in two elections

To advertise here,contact us