ഡീല്‍ ആരോപണത്തിനുള്ള മറുപടിയാണ് ബേപ്പൂര്‍; രാഷ്ട്രീയ വിശ്വാസ്യത തെരഞ്ഞെടുപ്പ് വിഷയമാകും: മുഹമ്മദ് റിയാസ്

കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും ഇത്തവണ എല്‍ഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ്

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തില്‍ രാഷ്ട്രീയ വിശ്വാസ്യത ഒരു പ്രത്യേക തെരഞ്ഞെടുപ്പ് വിഷയമായി വരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ, പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ പോലും ഇത്തവണ എല്‍ഡിഎഫിന് ഒരു വോട്ട് ചെയ്യുമെന്ന് റിയാസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രത്യേക പരിപാടിയായ ഇലക്ഷന്‍ എക്‌സ്പ്രസില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു റിയാസിന്റെ പ്രതികരണം.

കോണ്‍ഗ്രസ് ഉന്നയിക്കുന്ന സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ബേപ്പൂരില്‍ ബാധിക്കില്ലെന്ന് റിയാസ് പറഞ്ഞു. 'ഡീല്‍ ആരോപണം ഒരിക്കലും ജനങ്ങളെ സ്വാധീനിക്കില്ല. നമ്മള്‍ ചവിട്ടുന്ന മണ്ണ് ബേപ്പൂരാണ്. 1991ലെ കോലീബി കണ്ട മണ്ണാണ്. അവിടുന്ന് ഇങ്ങോട്ടുള്ള ഡീല്‍ എടുത്ത് നോക്കിയാല്‍ മനസിലാകും. ഇപ്പോള്‍ നടക്കുന്ന ഡീല്‍ പ്രചരണത്തിനുള്ള മറുപടിയാണ് ബേപ്പൂര്‍', റിയാസ് പറഞ്ഞു.

അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ഏത് നിലപാടും സ്വീകരിക്കുമെന്നും മതനിരപേക്ഷതയുടെ കാര്യത്തില്‍ വാചക കസര്‍ത്തല്ല നിലപാടാണ് വേണ്ടതെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമത്തില്‍ ഒരു പരിചയാണ് നേറ്റിവിറ്റി കാര്‍ഡ്. അത് ഇന്ത്യയില്‍ ആകെ ഇറക്കിയത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരാണ്. എന്താണ് കര്‍ണാടകയിലും തെലങ്കാനയിലും അത് ഇറക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം ഇറക്കിയ ഏക സംസ്ഥാനം കേരളമാണെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്‌ക്കെതിരായ വ്യക്തി അധിക്ഷേപത്തിലും റിയാസ് പ്രതികരിച്ചു. ഒരു സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതി മലയാളി സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഏതൊക്കെ രീതിയില്‍ വ്യക്തിഹത്യ നടത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതൊക്കെ ജനങ്ങള്‍ മനസിലാക്കുമെന്നും സ്ഥാനാര്‍ത്ഥികളെ അപമാനിക്കുന്നത് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും റിയാസ് പറഞ്ഞു.

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ പോലുള്ള നേതാവ് പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരിനെ പോലുള്ള ആളുകള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ ജനങ്ങള്‍ എങ്ങനെ കാണുന്നുവെന്നതിന്റെ ഉത്തരം വോട്ടെണ്ണുമ്പോള്‍ മനസിലാകും. കേരളത്തില്‍ പത്ത് കൊല്ലം എല്‍ഡിഎഫ് ഭരിച്ചത് കൊണ്ടാണ് വര്‍ഗീയ കലാപമില്ലാത്തതെന്നും ഇന്ത്യന്‍ മതനിരപേക്ഷതയുടെ തലസ്ഥാനമാണ് കേരളമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: P A Muhammad Riyas says he will get votes from another party and deal allegation does not effect Beypore

To advertise here,contact us