ആലപ്പുഴ: ആലപ്പുഴയിൽ പള്ളി സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് കല്ലറകളുടെ മുകളിലിരുന്ന് യുവാക്കളുടെ ലഹരി ഉപയോഗവും റീൽ ചിത്രീകരണവും. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയ്ക്ക് ആലപ്പുഴ പൂന്തോപ്പ് സെൻ്റ് ഫ്രാൻസിസ് അസീസി പള്ളിയിലാണ് സംഭവം. സെമിത്തേരിയുടെ മതിൽ ചാടി അകത്തുകടന്ന നാല് യുവാക്കളാണ് ലഹരി ഉപയോഗിച്ചത്.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും യുവാക്കളുടെ റീൽസും പുറത്തുവന്നിട്ടുണ്ട്. ശവക്കല്ലറകളുടെ മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ശേഷം റീൽസ് ഉണ്ടാക്കി ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് കുരിശ് തലകീഴായി പിടിച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽസിലൂടെയും പള്ളി സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയും യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പള്ളി കൈക്കാരന്റെ പരാതിയിൽ നാല് യുവാക്കൾക്ക് എതിരെ ആലപ്പുഴ നോർത്ത് പൊലീസ് കേസ് എടുത്തു. യുവാക്കൾ ഉപയോഗിച്ച ലഹരിയിലും അന്വേഷണം ആരംഭിച്ചു.
Content Highlight : In Alappuzha, young people jumped over the wall of the church cemetery in the early morning and used drugs on top of the graves, filming the reel