കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ 'ചെകുത്താന്' എന്ന അജു അലക്സ് മത്സരിക്കും. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്ന് അജു അലക്സ് പറയുന്നു.
'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം' എന്നാണ് അജു അലക്സിന്റെ പോസ്റ്റര്‍. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാന്‍ താല്പര്യമുള്ളവര് സന്ദേശമയക്കണമെന്നും അജു അലക്സ് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയും കടപ്ര, കവിയൂര്‍, കുറ്റൂര്‍, നെടുംപുറം, നിരണം, പെരിങ്ങറ, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുറമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് തിരുവല്ല നിയമസഭാ മണ്ഡലം.
Content Highlight : YouTuber Aju Alex, known as ‘Chekuthan’, to contest elections. Will run as an independent candidate from Thiruvalla