മുഖ്യമന്ത്രി ഓള്‍ ഇന്ത്യാ റേഡിയോ ആകുന്നു, വീട്ടില്‍ അല്ല തെരുവില്‍ ഇറങ്ങി ചോദ്യം ചോദിക്കും: വി ഡി സതീശന്‍

ഇവരുടെ നാവില്‍ നിന്ന് വീണ വൃത്തികെട്ട വാക്കുകള്‍ തുടച്ചു മാറ്റാന്‍ സാംസ്‌കാരിക ഹരിത കര്‍മ സേന ഉണ്ടാക്കേണ്ടി വരുമെന്നും വി ഡി സതീശന്‍ പരിഹസിച്ചു

തിരുവനന്തപുരം: വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഓള്‍ ഇന്ത്യാ റേഡിയോ ആകുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. വീട്ടില്‍ അല്ല തെരുവില്‍ ഇറങ്ങി ചോദ്യം ചോദിക്കുമെന്ന് സതീശന്‍ പറഞ്ഞു. ഒരു കലാകാരനെ കോമാളി എന്ന് വിളിക്കുന്ന തരത്തില്‍ സിപിഐഎം തരംതാണുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

'ഇവരുടെ നാവില്‍ നിന്ന് വീണ വൃത്തികെട്ട വാക്കുകള്‍ തുടച്ചു മാറ്റാന്‍ സാംസ്‌കാരിക ഹരിത കര്‍മ സേന ഉണ്ടാക്കേണ്ടി വരും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് രാഷ്ട്രീയ പ്രചരണത്തിന് പണം ചെലവിടുന്നു. കേരളത്തില്‍ ഉടനീളം വച്ച ഹോര്‍ഡിങ്ങുകള്‍ നേരത്തെ പിആര്‍ഡിയുടെതായിരുന്നു. പിന്നീടത് എല്‍ ഡി എഫിന്റേതായി', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സീറ്റ് ഡീല്‍ താന്‍ നേരത്തെ പറഞ്ഞതാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഏറ്റുമാനൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ബിജെപിക്ക് സീറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് ആരാണെന്നും വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഒരുപാട് പദ്ധതികള്‍ പ്രഖ്യാപിച്ചെന്നും അതാണ് രക്ഷാപ്രവര്‍ത്തനമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിപിഐഎം വിട്ടുപോയവരെ കൊല്ലുന്നതാണ് സിപിഐഎം പരിപാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട് മുഴുവനും വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് കൂടെ നിര്‍ത്തി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും വി ഡി സതീശന്‍ മറുപടി നല്‍കി. ഒന്ന് കണ്ണാടി നോക്കിയാല്‍ മതിയെന്നും പി ടി കുഞ്ഞുമുഹമ്മദിനെ കണ്ടാല്‍ മതിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

മുഖമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തിലും വി ഡി സതീശന്‍ മറുപടി നല്‍കി. 'കെ സുധാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം. അതിലെന്താണ് തെറ്റ്. രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയാകാന്‍ എന്താണ് അയോഗ്യത', വി ഡി സതീശന്‍ പറഞ്ഞു. താന്‍ ലത്തീന്‍ സഭക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ലത്തീന്‍ സഭ ഒരിക്കലും വര്‍ഗീയത പറഞ്ഞിട്ടില്ല. ചില ചാനലുകള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. ലത്തീന്‍ സഭ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചവരാണ്. വര്‍ഗീയത പറയുന്നവര്‍ക്കെതിരെ ആണ് വോട്ട് ബാങ്ക് പരാമര്‍ശം നടത്തിയത്. കേരളത്തിലുടനീളം പ്രസംഗിച്ചത് ഇതാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: V D Satheesan against CM Pinarayi Vijayan on controversial statement

To advertise here,contact us