'200 കോടിയുടെ ബംഗ്ലാവ് മറച്ചുവെച്ചു'; രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്

നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയതായി പറഞ്ഞത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.

കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും കോൺഗ്രസ് 'എക്സ്' പോസ്റ്റിൽ പറയുന്നു.

നേമത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഈ ആഡംബര വീട് ഇല്ല എന്നും എന്നാൽ 2024ലെ മത്സരസമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഉണ്ട് എന്നും കോൺഗ്രസ് ആരോപിക്കുന്നു. രാജീവ് ചന്ദ്രശേഖർ ഒരു സ്ഥിരം കുറ്റവാളിയാണ്, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയാണ്. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത് എന്നും കോൺഗ്രസ് ആരോപിച്ചു.വിഷയത്തിൽ ഇടപെടാനും ജനപ്രാതിനിധ്യ നിയമപ്രകാരം രാജീവിനെ അയോഗ്യനാക്കാനും കോൺഗ്രസ് ആവശ്യപ്പട്ടു.

Content Highlights: Congress alleges Rajeev Chandrasekhar hid ₹200 crore Bengaluru bungalow in election affidavit, complaint filed before election officer.

To advertise here,contact us