എന്നെ ചാവേറായല്ല കാണുന്നത്, വെല്ലുവിളി നിറഞ്ഞ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നത് അംഗീകാരം: കെ കെ ശൈലജ

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം പടര്‍ന്നുപിടിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് അത്തരമൊരു സംശയം വരുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ വരുന്നത് എന്നായിരുന്നു പ്രതികരണം

കണ്ണൂര്‍: പേരാവൂരില്‍ തനിക്ക് വളരെ വലിയ ആത്മവിശ്വാസമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വിജയിക്കുന്ന സീറ്റിലാണ് തന്നെ പാര്‍ട്ടി നിര്‍ത്തിയത്. പേരാവൂരില്‍ വിജയിക്കും. പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ തന്റെ സ്വന്തം നാട്ടില്‍ ജനവിധി തേടാന്‍ സന്തോഷത്തോടെ തീരുമാനിച്ചതാണെന്നും കെ കെ ശൈലജ പറഞ്ഞു. തന്നെ ചാവേറായല്ല കാണുന്നത്. താന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമല്ലേ. വെല്ലുവിളി നിറഞ്ഞ മണ്ഡലങ്ങളില്‍ തന്നെ മത്സരിപ്പിക്കുന്നത് അംഗീകാരമായി കാണുന്നു. മത്സരിച്ചാല്‍ തോല്‍വിയും വിജയവും ഉണ്ടാവും എന്നും കെ കെ ശൈലജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പേരാവൂരില്‍ ഡീല്‍ സംശയിക്കുന്നില്ല. വോട്ട് എണ്ണിക്കഴിഞ്ഞാല്‍ അത് പറയാന്‍ സാധിക്കും. കേരളത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ ഇല്ലെന്നും കെ കെ ശൈലജ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ പാര്‍ലമെന്ററി വ്യാമോഹം പടര്‍ന്നുപിടിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് 'അത്തരമൊരു സംശയം വരുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ വരുന്നത്' എന്നായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം. പാര്‍ട്ടിക്കകത്ത് നിന്ന് പലരും പുറത്ത് പോയിട്ടുണ്ട്. പാര്‍ട്ടി പിളര്‍ന്നിട്ടുണ്ട്. ആശയത്തിന്റെ പേരിലായിരുന്നു അതെല്ലാം. ഇപ്പോള്‍ പരിഗണിക്കപ്പെട്ടില്ല എന്നാണ് പറയുന്നതെന്നും കെ കെ ശൈലജ വ്യക്തമാക്കി. ജി സുധാകരന്‍, ടി കെ ഗോവിന്ദന്‍, കെ പി രമണി എന്നിവരുടെ നീക്കങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം.

തളിപ്പറമ്പില്‍ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അസ്വഭാവികതയുണ്ടെന്ന ആരോപണത്തോട് ടി കെ ഗോവിന്ദന്‍ പാര്‍ട്ടിക്ക് പുറത്തുനിന്നാണ് ഇതെല്ലാം പറയുന്നത്. കെ പി രമണി ദീര്‍ഘകാല സുഹൃത്താണ്. സഖാക്കള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ തോന്നുന്നത്. ഒരു ആശയത്തിന്റെ ഭാഗമായല്ലേ പാര്‍ട്ടിയില്‍ നില്‍ക്കുന്നത് എന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

മുഖ്യമന്ത്രി പദവി സംബന്ധിച്ച ചോദ്യത്തോട് സിപിഐഎമ്മില്‍ മന്ത്രിയെന്നോ മുഖ്യമന്ത്രിയെന്നോ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്ന സ്ഥിതിയില്ലെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി. പാര്‍ട്ടി ചര്‍ച്ച ചെയ്ത് ആ സാഹചര്യത്തിന് അനുസരിച്ചാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ പരിഗണിക്കപ്പെടുമെന്ന് ചിന്തിച്ചിട്ടേയില്ല. വളരെ ആധുനികമായി കേരളത്തെ മാറ്റിയെടുക്കാന്‍ ഐഡിയയുള്ള നയിക്കാന്‍ സാധിക്കുന്ന കെല്‍പ്പുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പിണറായി ടീം എന്ന നിലയിലാണ് തങ്ങളെല്ലാം പ്രവര്‍ത്തിച്ചതെന്നും കെ കെ ശൈല പറഞ്ഞു.

Content Highlights: LDF candidate KK Shailaja said she has great confidence in Peravoor kannur

To advertise here,contact us