ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കോണ്‍ഗ്രസ് സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവയ്ക്കുന്നതാണെന്നും ബിജെപിയെ എതിര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി ജനങ്ങളോട് വോട്ട് ചോദിക്കുന്ന കോണ്‍ഗ്രസ്, നിര്‍ണായക ഘട്ടങ്ങളില്‍ ബിജെപിക്ക് വിജയവഴി തുറന്നുകൊടുക്കുന്ന രാഷ്ട്രീയമാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ഒഡീഷയില്‍ ബിജെപി പിന്തുണയുളള സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ക്രോസ് വോട്ടിംഗ് വഴിയൊരുക്കി. ബിജെപിയെ തടയുമെന്ന് പ്രഖ്യാപിക്കുന്ന പാര്‍ട്ടി തന്നെയാണ് പിന്നാമ്പുറത്ത് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കിയത്. ബിഹാറില്‍ കണ്ടത് ഇതിലും തുറന്ന രാഷ്ട്രീയ കാപട്യമാണ്. മഹാസഖ്യത്തിന്റെ വിജയഗണിതം ഉറപ്പിക്കേണ്ട സമയത്ത് കോണ്‍ഗ്രസിലെ മൂന്ന് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതോടെ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടു. ബിജെപിയുടെ രാജ്യസഭയിലെ അംഗബലം വര്‍ധിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ 'സഹായം' വീണ്ടും നിര്‍ണായകമായി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിവിധ സംസ്ഥാനങ്ങളില്‍ എംഎല്‍എമാരുടെ രാജിയും ക്രോസ് വോട്ടിംഗും രാഷ്ട്രീയ കളളക്കളികളും വഴി ബിജെപിക്ക് അധിക രാജ്യസഭാ സീറ്റുകള്‍ ലഭിക്കാന്‍ സഹാചര്യം സൃഷ്ടിച്ചിട്ടുളളത് കോണ്‍ഗ്രസാണ്': പിണറായി വിജയന് പറഞ്ഞു.
2024-ല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റില്‍ ബിജെപി വിജയിച്ചത് നമ്മള് കണ്ടതാണെന്നും ഇത്തവണ ഹിമാചല്‍ പ്രദേശില്‍ ഒഴിവുവന്ന ഏക സീറ്റ് കോണ്‍ഗ്രസിന് ജയിക്കാനായത് അവിടെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സഹായിച്ചതുകൊണ്ട് മാത്രമാണെന്നും പിണറായി വിജയന് പറഞ്ഞു. മുദ്രാവാക്യങ്ങളില്‍ ബിജെപി വിരുദ്ധതയും പ്രവര്‍ത്തിയില്‍ ബിജെപിക്ക് കൈത്താങ്ങുമാണ്. ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം. ബിജെപിയെ നിര്‍ലജ്ജം സഹായിക്കുന്ന കോണ്‍ഗ്രസ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ നേതാവാണെന്ന് സ്വയം അവകാശപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ പരിഹസിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ ബി ടീം ആരാണ് എന്ന ചോദ്യമുയരുന്നത് ഈ സാഹചര്യത്തിലാണെന്നും കോണ്‍ഗ്രസല്ലെങ്കില്‍ പിന്നെ അതാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Congress is B Team of Sangh parivar says cm pinarayi vijayan on bihar odisha rajyasabha results