തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് 18 പേരെ നിർദേശിച്ചുവെന്ന ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പരാമർശത്തെ തള്ളി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരമാണ്. ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല. ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേർന്നാണ് തീരുമാനിക്കുകയെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എൻ ട്രസ്റ്റിനുള്ളത്. ഇരു മുന്നണികളോടും അതൃപ്തി ഇല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് എസ് എൻ ട്രസ്റ്റ് അല്ലെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി.
'കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന ആത്മീയ കേന്ദ്രമാണ് ശിവഗിരിമഠം. അതിന്റെ അടിസ്ഥാനത്തിൽ ശിവഗിരിമഠം രാഷ്ട്രീമായ കാര്യങ്ങളിൽ ഇടപെടാറില്ല. മഠാധിപതി അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടർ ബോർഡാണ്. ഇക്കാര്യങ്ങളൊന്നും ഡയറക്ടർ ബോർഡിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കിൽ ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി മാധ്യമങ്ങളെ അറിയിക്കും. സ്ഥാനാർത്ഥികളെ നിർണയിക്കുന്നത് ശിവഗിരിമഠം അല്ലല്ലോ. മഠത്തിന് സ്ഥാനാർത്ഥികളെ നിർണയിക്കേണ്ട ആവശ്യമെന്താണ്. ഒരിക്കലും ശിവഗിരിമഠം വാദത്തിന്റെയും വിവാദത്തിന്റെയും ഭാഗമായി നിൽക്കാൻ പാടില്ല.' എന്നായിരുന്നു ശുഭാംഗാനന്ദയുടെ പ്രതികരണം.
അതേസമയം എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയിലും എസ് എൻ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി പ്രതികരിച്ചു. അത് നിയമപരമായി നടക്കട്ടെ എന്നായിരുന്നു മറുപടി.
പിന്നാക്ക വിഭാഗത്തിലെ പ്രമുഖരായ കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ റിപ്പോർട്ടർ ടി വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലേക്ക് 18 പേരെ മഠം നിർദേശിച്ചിട്ടുണ്ട്. അവരെ പരിഗണിച്ചാൽ കൊള്ളാം. അവർ ഇവിടെ വന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും നിർദേശം അവർ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർ പിന്നാക്കവിഭാഗത്തിൽ നിന്നുള്ളവരാണ്. അവർക്ക് മതിയായ പ്രാതിനിധ്യം നൽകേണ്ടത് രാജ്യത്തിന് ഇന്ന് ആവശ്യമാണ് എന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. ദേശീയ നേതൃത്വത്തിൽ ദളിത് പ്രസിഡന്റുമാർ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ അത് സംഭവിച്ചിട്ടില്ല. കൊടിക്കുന്നിൽ സുരേഷിനെപ്പോലെയുള്ളവരെ പരിഗണിക്കണം എന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.
പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും സ്വാമി സച്ചിദാനന്ദ എൽഡിഎഫിനെതിരെയും കോൺഗ്രസിനെതിരെയും രംഗത്തുവന്നിരുന്നു. വർഷങ്ങളായി പിന്നാക്ക വിഭാഗങ്ങൾ അവഗണിക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രൈസ്തവ വിഭാഗത്തിലും ഇസ്ലാം വിഭാഗത്തിലും അവരുടെ പരാതികൾ പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാകുന്നുണ്ട് എന്നും പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി ഇടപെടാൻ ആരുമില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കിയിരുന്നു.
Content Highlights: Sree Narayana Dharma Sangham Trust General Secretary Swami Subhangananda rejects Sivagiri Mutt chief Swami Satchidananda's comment about politics