'പിന്നാക്ക വിഭാഗങ്ങളെ എല്ലാ മുന്നണികളും അവഗണിക്കുന്നു; പരിഗണിക്കുന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മാത്രം'

പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവഗിരിമഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിലും ഇസ്‌ലാം വിഭാഗത്തിലും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ ആരുമില്ലെന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേർത്തു.

ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന് ഗുരുദേവന്‍ പറഞ്ഞു. ജാതി ചോദിക്കണം, വിചാരിക്കണം എന്ന വ്യാഖ്യാനങ്ങളാണ് അടുത്തകാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലങ്ങള്‍ വരെ എല്ലാവരെയും ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് പരിഗണിക്കുന്നത്.ഈ ദു:സ്ഥിതിക്ക് മാറ്റം വരണം. അതിനാലാണ് രാഹുല്‍ ഗാന്ധിക്ക് നിവേദനം നല്‍കിയത്. എല്ലാ മുന്നണികളും അവഗണിക്കുന്നു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് ഉള്ളത്. ജയിക്കുന്ന മണ്ഡലങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാധിനിധ്യം വേണം. ഈഴവര്‍ക്കും വിശ്വകര്‍മജര്‍ക്കും എസ്‌സിഎസ്ടി വിഭാഗങ്ങള്‍ക്കും അവസരം വേണം. എല്‍ഡിഎഫിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാധിനിധ്യം ലഭിച്ചില്ല. ഒരു വിഭാഗത്തിലെ 10 മന്ത്രിമാരുണ്ട്. 10% സംവരണത്തിലൂടെ വിഭാഗങ്ങള്‍ക്ക് പല പദവികളും ബാലികേറാമലയായി മാറി. സിപിഐഎമ്മില്‍ നിന്നും വര്‍ക്കലയില്‍ ജോയ് മത്സരിക്കുന്നുണ്ട്.

ശിവഗിരിമഠത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ട്. പക്ഷേ മതിയായ പ്രാധിനിത്യം ഇപ്പോഴും ലഭിച്ചിട്ടില്ല. മതിയായ പ്രാധിനിത്യം ഇല്ലെന്ന പരാതി അവരുടെ മുമ്പിലും സമര്‍പ്പിച്ചിട്ടുണ്ട്. ബിജെപിയില്‍ രണ്ടുമൂന്ന് വ്യക്തികള്‍ കഴിഞ്ഞാല്‍ നേതൃത്വത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ വളരെ കുറവാണ്. സിപിഐഎം പ്രാതിനിധ്യം നല്‍കിയില്ലെങ്കിലും ശക്തമായ പ്രതികരണം ഉണ്ടാകും. രാഹുല്‍ ഗാന്ധി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പരിഗണിക്കുമെന്ന വിശ്വാസമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥനാത്ത് നിന്ന് മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണ്. ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്നും പിന്നാക്കം പോവുകയാണ്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന നിര്‍ദ്ദേശം വന്ന ദുരവസ്ഥ പോലും ഉണ്ടായി. ഇപ്പോള്‍ ഉണ്ടാകുന്ന മാറ്റം നല്ലതാണ്. നല്ല രീതിയിലുള്ള ഭരണം ഉണ്ടാകണം. എസ്എന്‍ഡിപി യോഗം ആള്‍ക്കൂട്ടം മാത്രമായി നില്‍ക്കുകയാണ്. പക്ഷേ ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: swami sachidananda slams ldf and congress over backward community representation

To advertise here,contact us