കൗൺസിലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്‌സോ കേസ്

നാല് മാസം മുമ്പ് നടന്ന ആദ്യ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: കൗൺസിലിങ്ങിനെത്തിയ 17കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ പരാതിയുമായി കോട്ടയം സ്വദേശിനിയായ പെൺകുട്ടിയും. മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ സി ഷാജുവിനെതിരെയാണ് വീണ്ടും പരാതി. കൗൺസിലിങ്ങിന് എത്തിയപ്പോൾ രണ്ടുതവണ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇയാൾക്കെതിരെ മുഴക്കുന്ന് പൊലീസാണ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലാണ് പെൺകുട്ടി ആദ്യം പരാതി നൽകിയത്. ഇത് പിന്നീട് ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷന് കൈമാറി.

ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പിലായിരുന്ന ഇയാൾ വിരമിച്ചതിന് ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗെയ്ഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിക്കുന്നതിനിടയിലാണ് കുട്ടികളെ ഉപദ്രവിച്ചത്. നാല് മാസം മുമ്പ് നടന്ന ആദ്യ കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ കുട്ടിയുടെ പരാതിയിൽ കണ്ണൂർ ജയിലിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

സ്ഥിരമായി മോട്ടിവേഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്ന ഇയാൾ മറ്റ് ജില്ലകളിലും സ്‌കൂളുകളിൽ മോട്ടിവേഷൻ ക്ലാസ് നൽകിയിരുന്നു.

Content Highlights: Another Pocso case against Rtd principle alread jailed in Kannur

To advertise here,contact us