പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍; സിപിഐയില്‍ ധാരണ

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഇത് സംബന്ധിച്ച് ധാരണയായി

കൊച്ചി: പറവൂരില്‍ വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍ രംഗത്തിറിങ്ങും. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായി. നിലവില്‍ കയ്പമംഗലം എംഎല്‍എയാണ് ഇ ടി ടൈസണ്‍. രണ്ട് ടേമിന് ശേഷമാണ് ഇ ടി ടൈസണ്‍ പറവൂരില്‍ എത്തുന്നത്.

ജില്ലാ നേതൃത്വം തയ്യാറാക്കിയ സാധ്യതാ പട്ടികയില്‍ ഇ ടി ടൈസണിന്റെ പേര് ഉണ്ടായിരുന്നില്ല. എറണാകുളം സിപിഐ മുന്‍ ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കമലാ സദാനന്ദന്‍, ജില്ലാ കൗണ്‍സില്‍ അംഗം കെ ബി അറുമുഖന്‍ എന്നിവരുടെ പേരുകളായിരുന്നു പട്ടികയില്‍ ഉണ്ടായികുന്നത്. സാധ്യതാ പട്ടിക ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇതിനിടെ എഐവൈഎഫ് നേതാവ് ബിബിന്‍ ദിനകരനെ പരിഗണിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഇ ടി ടൈസണിലേക്ക് സിപിഐ എത്തിയത്. സതീശനെതിരെ ടൈസണിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐ പ്രതീക്ഷിക്കുന്നത്.

2001 മുതല്‍ പറവൂരില്‍ നിന്നുള്ള എംഎല്‍എയായ സതീശന്‍ ഇത്തവണ പ്രതിപക്ഷ നേതാവ് എന്ന ലേബലിലാണ് മത്സരത്തിലിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ നിക്‌സണ്‍ ആയിരുന്നു സതീശന്റെ പ്രധാന എതിരാളി. എന്നാല്‍ 21,301 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സതീശന്‍ വിജയിക്കുകയായിരുന്നു. സതീശന്‍ 82,264 വോട്ടുകള്‍ നേടിയപ്പോള്‍ നിക്‌സന്‍ നേടിയത് 60,963 വോട്ടുകളായിരുന്നു. ബിജെപിയുടെ എ ബി ജയപ്രകാശിന് 12,964 വോട്ടുകളാണ് നേടാനായത്.

Content Highlights- CPI has reportedly reached an understanding to field E T Tison against Congress leader V D Satheesan in the Paravur constituency.

To advertise here,contact us