തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് അഞ്ചിന ഗ്യാരന്റിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ ഗ്യാരന്റി. ഇതോടൊപ്പം തന്നെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ക്ഷേമ പെന്ഷന് മൂവായിരം രൂപയാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മറ്റൊന്ന്. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം വരെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബിസിനസുകള്‍ ആരംഭിക്കുന്നതിന് യുജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിങ്ങനെയാണ് മറ്റ് രണ്ട് ഗ്യാരന്റികള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
കേരളത്തില്‍ സിപിഐഎം, ബിജെപി കൂട്ടുകെട്ടാണെന്നുള്ള വിമര്‍ശനവും രാഹുല്‍ ഗാന്ധി ഉന്നയിച്ചു. ബിജെപിയും സിപിഐഎമ്മും കേരളത്തില്‍ ഘടകക്ഷികളാണ്. യുഡിഎഫിനെതിരെ ഒറ്റക്കെട്ടായി അവര്‍ പ്രവര്‍ത്തിക്കുകയാണ്. ഈ കേരള സര്‍ക്കാരിന് എന്ത് കമ്മ്യൂണിസ്റ്റ് സ്വഭാവമാണ് ഉള്ളത്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ കോര്‍പ്പറേറ്റ് സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കോര്‍പ്പറേറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് സിപിഐഎമ്മിന്റെ പേര് മാറ്റണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ വ്യാപകമായ തൊഴിലില്ലായ്മയുണ്ട്. മോദി രാജ്യത്തെ തൊഴില്‍ മേഖലയും സിപിഐഎം കേരളത്തിലെ തൊഴില്‍ മേഖലയും തകര്‍ത്തു. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ നടപടിയെടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അമേരിക്കയുമായി കരാറില്‍ ഒപ്പിട്ട് നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. കരാര്‍ ജനങ്ങളെ ബാധിക്കും. ഒരു പ്രധാനമന്ത്രിയും കാര്‍ഷിക മേഖല വിദേശ രാജ്യത്തിന് തുറന്നുകൊടുത്തിട്ടില്ല. കരാര്‍ കാര്‍ഷിക മേഖല മേഖലയെ തര്‍ക്കുന്ന നിലയിലെത്തിക്കും. അമേരിക്ക പറയുന്നവരില്‍ നിന്ന് മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി തീരുമാനിച്ചു. ഒരു പ്രധാനമന്ത്രിയും സാധാരണ നിലയില്‍ ഇങ്ങനെ ചെയ്യില്ല. റഷ്യയുടെ എണ്ണ വാങ്ങാന്‍ അമേരിക്കയുടെ സമ്മതം കാത്തുനില്ക്കുന്ന ഇന്ത്യയെ സങ്കല്‍പ്പിക്കാനാകുമോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി വിട്ടുവീഴ്ചയ്ക്ക് വിധേയനായി എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
എപ്സ്റ്റീന് ഫയലുകളെയും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അനില്‍ അംബാനിയുടെയും ഹര്‍ദീപ് സിംഗ് പുരിയുടെയും പേരുകള്‍ ഫയലുകളില്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി ഇത് രാജ്യത്തെ ജനങ്ങള്‍ മുന്നില്‍ വ്യക്തമാക്കേണ്ടി വരും. ബിജെപിയുടെ ധനകാര്യ സ്രോതസ് വെളിപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് അമേരിക്കയുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്നതെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്രമോദിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെങ്കില്‍ ട്രംപ് മോദിയെ നിയന്ത്രിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതിപക്ഷത്തെ മാത്രം പിന്തുടരുകയാണ്. എന്നാല്‍ കേരളത്തിലെ സിപിഐഎമ്മിനെ തൊടാന്‍ തയ്യാറാവുന്നില്ല. തനിക്കെതിരെ 36 കേസുകളുണ്ട്. ഇ ഡി എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ നടപടിയിലേക്ക് കടക്കുന്നില്ല. മോദിയും പിണറായിയും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Content Highlights- Rahul Gandhi announced five guarantees in Kerala, promising free travel for women in KSRTC buses and increasing welfare pensions to Rs 3000