'പാർട്ടിക്കൊപ്പം നിന്നാൽ പി കെ ശശി,ഇല്ലെങ്കിൽ വെറും ശശി';പുറത്താക്കൽ പടക്കംപൊട്ടിച്ച് ആഘോഷിച്ച് CPIMപ്രവർത്തകർ

പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.

പാലക്കാട്: പാര്‍ട്ടിയില്‍ നിന്നും പി കെ ശശിയെ പുറത്താക്കിയതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. മണ്ണാര്‍ക്കാടാണ് ആഹ്ലാദ പ്രകടനം നടന്നത്. പടക്കം പൊട്ടിച്ചും, ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പി കെ ശശി , ഇല്ലെങ്കില്‍ വെറും ശശിയെന്ന് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പരിഹസിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പി കെ ശശിയെ സിപിഐഎം പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ പി കെ ശശി പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു.

കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയാണെന്ന് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഐഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു. പി കെ ശശിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.

ഏറെ നാളായി പാര്‍ട്ടിയുമായി അകന്ന് കഴിയുകയായിരുന്ന പി കെ ശശി രഴിഞ്ഞ ദിവസമായിരുന്നു കെടിഡിസി ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ആദ്യ ഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും സിപിഐഎമ്മുമായുള്ള എതിര്‍പ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നും വിവിധ കോണുകളില്‍ നിന്ന് റിപ്പോര്‍ട്ട് ഉയര്‍ന്നിരുന്നു.

Content Highlights : CPIM workers celebrates eviction of P K Sasi

To advertise here,contact us