ഒരു വർഷം കൂടി പൊലീസ് തലപ്പത്ത്; റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി ഉത്തരവിറങ്ങി

വലിയ വിവാദങ്ങളായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ ചുറ്റിപ്പറ്റി ഉണ്ടായത്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി ഉത്തരവിറങ്ങി. 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. ഡിജിപി സ്ഥാനത്തെ കാലാവധി രണ്ട് വർഷമായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തീരുമാനം. ഈ വർഷം ജൂൺ 30 ന് റവാഡ വിരമിക്കേണ്ടിയിരുന്നു. ഇതാണ് നീട്ടിയത്.

2025 ജൂലൈ ഒന്നിനാണ് സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയായി എത്തിയത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.

വലിയ വിവാദങ്ങളായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തെ ചുറ്റിപ്പറ്റി ഉണ്ടായത്. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ ചന്ദ്രശേഖര്‍. പിന്നാലെ സസ്‌പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്ന സമയത്ത് റവാഡയെ പൂർണമായും ന്യായീകരിക്കുകയും പിന്തുണയ്ക്കുകയുമാണ് സിപിഐഎം നേതാക്കൾ ചെയ്തത്.

Content Highlights: The tenure of State Police Chief Ravada Chandrasekhar has been officially extended until June 30, 2027. The decision follows the Supreme Court’s directive mandating a minimum two year tenure for the Director General of Police.

To advertise here,contact us