നിയമസഭ തെരഞ്ഞെടുപ്പ്: മലമ്പുഴ മണ്ഡലത്തിൽ സുരേഷിനെ മത്സരിപ്പിച്ചാൽ വോട്ടു ചോരുമെന്ന് വിലയിരുത്തൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന് മണ്ഡലംതല അവലോകനയോഗം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കണമെന്ന് മണ്ഡലംതല അവലോകനയോഗം. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയാവുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് യോഗത്തിലെ തിരുമാനം. മലമ്പുഴ മണ്ഡലത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ എന്നിവരാണ് അവലോകനയോഗത്തിൽ പങ്കെടുത്തത്. എഐസിസി സെക്രട്ടറി പി വി മോഹനൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിന്റെ പുരോഗതിയുൾപ്പെടെ വിലയിരുത്താനായിരുന്നു യോഗം ചേർന്നത്.

സുരേഷിനെ യുഡിഎഫ് മത്സരിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ചോരാൻ ഇടയാക്കുമെന്നും ഇടതുപക്ഷത്തുനിന്ന് വോട്ടുലഭിക്കുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും പ്രതിനിധികൾ തുറന്നടിച്ചു. സുരേഷിനെ മത്സരിപ്പിക്കുന്നത് ഫലത്തിൽ ബിജെപിക്കാവും സഹായകമാവുകയെന്ന വിലയിരുത്തലുമുണ്ടായതായാണ് സൂചന. 2016, 2021 തിരഞ്ഞെടുപ്പുകളിൽ മലമ്പുഴ മണ്ഡലത്തിൽ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. മണ്ഡലത്തിൽ യുഡിഎഫ് സംവിധാനം ശക്തമല്ലെന്നും ഭാരവാഹികൾ എഐസിസിയെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് മണ്ഡലംതല അവലോകനയോഗത്തിലാണ് തീരുമാനം എടുത്തത്.

വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചിരുന്നു. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

സുരേഷിനെ മത്സരിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്വീകരിക്കുമെന്നും പാലക്കാട് ഡിസിസി വ്യക്തമാക്കിയിരുന്നു. കെപിസിസി നേതാക്കളും സുരേഷുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടയിൽ കോൺ​ഗ്രസ് പാ‍ർട്ടിയുടെ പൊതുപരിപാടികളിൽ എ സുരേഷ് പങ്കെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യിലും സുരേഷ് പങ്കെടുത്തിരുന്നു.Content Highlights: Assembly elections: It is estimated that if Suresh is fielded in Malampuzha constituency, votes will be leaked

To advertise here,contact us