തന്ത്രിയെ അനാവശ്യമായി ജയിലിൽ അടച്ചെന്ന് കെ ബാബു, തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമെന്ന് മന്ത്രി;സഭയിൽ വാക്പോര്

തന്ത്രിയെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ, ഭരണപക്ഷ വാക്പോര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ, ഭരണപക്ഷ വാക്‌പോര്. ഇന്ന് സഭ കൂടിയപ്പോള്‍ പ്രതിപക്ഷം ശബരിമല വിഷയം വീണ്ടും ഉയര്‍ത്തുകയും തന്ത്രിയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിധ്യത്തില്‍ കെ ബാബുവാണ് ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ശബരിമല തന്ത്രിയെ അനാവശ്യമായി നാല്‍പത് ദിവസം ജയിലില്‍ അടച്ചതായി ബാബു പറഞ്ഞു. തന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നാണ് കോടതി പറഞ്ഞതെന്നും കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപക്ഷം വിഷയത്തില്‍ ഇടെപട്ടു. തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് ഭരണപക്ഷം ചോദ്യം ഉയര്‍ത്തി.

കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോഴും ശബരിമല വിഷയം ഉയര്‍ത്തി പ്രതിപക്ഷം വലിയ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. തന്ത്രിക്ക് ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറഞ്ഞത്. ഇതേ കാര്യങ്ങളായിരുന്നു ഇന്ന് നിയമസഭയിലും പ്രതിപക്ഷം ഉന്നയിച്ചത്. ആചാരലംഘനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചില്ല എന്നുപറഞ്ഞാണ് തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി ജയിലില്‍ അടച്ചതെന്ന് കെ ബാബു സഭയിൽ പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും കെ ബാബു നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം മറുപടിയുമായി രംഗത്തെത്തി.

കെ ബാബുവിന് പ്രസംഗിക്കാന്‍ അവസം ലഭിച്ചതായി കരുതിയാല്‍ മതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കെ ബാബുവിന്റെ വിമര്‍ശനം ഹൈക്കോടതിക്കെതിരാണ്. ഹൈക്കോടതിയുടെ അന്വേഷണത്തെയാണ് ആചാരലംഘനം എന്ന തരത്തില്‍ പറഞ്ഞത്. അന്വേഷണം പൂര്‍ണമായും നടത്തുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തിലാണ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം ശരിയായ രീതിയിലാണെന്ന് പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം ഈ രീതി പിന്തുടരുന്നത് രാഷ്ട്രീയ ലക്ഷ്യംവെച്ചാണെന്നും മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ രാജിവെയ്ക്കണമെന്നടക്കം എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ വന്ന് പ്രതിഷേധിച്ചു. ഇതിനിടെ ഭരണപക്ഷത്തുനിന്നും പ്ലക്കാര്‍ഡ് ഉയര്‍ന്നു. സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റി സന്ദർശിച്ചപ്പോഴുള്ള ചിത്രത്തിനൊുപ്പം 'ശബരിമയില്‍ സ്വര്‍ണം കട്ടവരും കൂട്ടുകച്ചവടക്കാരും ഒറ്റ ഫ്രെയിമിന്‍' എന്നെഴുതിയ പ്ലക്കാര്‍ഡായിരുന്നു ഭരണപക്ഷം ഉയര്‍ത്തിയത്. ഈ സമയം മന്ത്രി പി രാജീവ് പ്രസംഗം തുടരുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതിപക്ഷം നടുത്തളത്തിലേക്ക് വരികയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെ പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നിലപാട് തന്ത്രിയെ ഒഴിവാക്കണമെന്നാണെന്ന് മന്ത്രി പറഞ്ഞു. തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് മന്ത്രി ചോദിച്ചു. തന്ത്രിക്ക് രണ്ട് വക്കീല്‍ ഉണ്ട്. ഒന്ന് ബിജെപി, രണ്ട് കോണ്‍ഗ്രസ്. സഭയ്ക്ക് അകത്ത് ബിജെപിക്ക് വേണ്ടി കോണ്‍ഗ്രസ് വക്കാലത്ത് എടുക്കുകയാണ്. മുസ്‌ലിം ലീഗ് ബിജെപിക്ക് വേണ്ടി നാരങ്ങാ വെള്ളം കലക്കിവെക്കുകയാണ്. ഈ ഇരിക്കുന്ന എത്രപേര്‍ യുഡിഎഫില്‍ നാളെ ഉണ്ടാകും എന്ന് വല്ല ഗ്യാരണ്ടിയും ഉണ്ടോ?. എത്രപേര്‍ ബിജെപിയില്‍ പോകുമെന്ന് ആര്‍ക്കറിയാം?. സ്വര്‍ണം കട്ടവരില്‍ തങ്ങളുടെ ആള്‍ക്കാരെ ഒഴിവാക്കണമെന്നാണ് ഇവരുടെ നിലപാട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശരിയായ അന്വേഷണം അല്ല അവരുടെ ആവശ്യം. ഇത് ജനങ്ങള്‍ മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം തര്‍ക്കം ഉണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനെന്നായിരുന്നു മന്ത്രി കെ രാജന്‍ പറഞ്ഞത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിഷേധ പ്രതിഷേധത്തിനിടെ ചോദ്യത്തോരവേള തുടങ്ങി. എന്നാല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

ഇതോടെ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇടപെട്ടു. പ്രധാനപ്പെട്ട സംഭവങ്ങള്‍ ചോദിക്കേണ്ട സഭയില്‍ അത് ചോദിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സഭയില്‍ താഴേക്ക് ഇറങ്ങിയിരിക്കുന്ന ആളുകളെ സഭയുടെ പുറത്തേക്കിറക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സഭയില്‍ ഇരിക്കാന്‍ അവര്‍ യോഗ്യരല്ല. സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടത്താന്‍ അല്ല ഇവര്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസില്‍ എത്രപേര്‍ ഉണ്ടാകുമെന്ന് അറിയില്ല. ബിജെപിയുമായി സോഫ്റ്റ് പാലം ഉണ്ടാക്കുന്നത് നല്ലതാണ്. നിലപാടുകള്‍ ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക ചെറിയ കാര്യമല്ലെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷം തികഞ്ഞ പരാജയമാണെന്ന് കെ കെ ശൈലജയും സഭയില്‍ പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. സഭയെ നേരിടാനുള്ള ഭയം കാരണം ഇറങ്ങി താഴെ ഇരിക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് വരികയും പ്രതിഷേധം തുടരുകയും ചെയ്തു. പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം വഴങ്ങിയില്ല. ഇതോടെ പുറത്ത് സമരം നടത്തിക്കോളൂ എന്ന് സ്പീക്കര്‍ പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം കനത്തതോടെ സഭ പിരിഞ്ഞു. 'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

ഭരണപക്ഷത്തിന് നിഷേധാത്മക നിലപാടാണെന്ന് സഭയ്ക്ക് പുറത്ത് രമേശ് ചെന്നിത്തല പ്രതികരിച്ചു. പത്മകുമാറിനും ഉടന്‍ ജാമ്യം കിട്ടും. കുറ്റപത്രം കൊടുക്കാതിരിക്കുന്നു. കുറ്റപത്രം വൈകാന്‍ കാരണം മുഖ്യമന്ത്രിയാണ്. തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി പറഞ്ഞു. ഇപ്പോള്‍ നിയമമന്ത്രി കോടതിയെ കുറ്റം പറയുന്നു. തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാനാണ് ശ്രമം. പത്മകുമാറിനെതിരെ സിപിഐഎം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാട്ടുകള്ളന്മാര്‍ക്കൊപ്പമാണ് തന്ത്രി എന്നല്ലേ പറഞ്ഞത്. ആ കാട്ടുക്കള്ളന്മാര്‍ ആരാണ്?. പത്മകുമാറും വാസുവുമൊക്കെല്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Content Highlights- A verbal clash erupted in the Kerala Assembly after K Babu alleged that the thanthri was unnecessarily jailed

To advertise here,contact us