ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തെ നിസാരവത്കരിച്ചും വിചിത്രവാദം നിരത്തിയും ഡോ. ലളിതാംബിക. ശസ്ത്രക്രിയ ഉപകരണം അമ്പത് വർഷം വയറ്റിൽ ഇരുന്നാലും ഒരു കുഴപ്പവും സംഭവിക്കില്ല എന്നാണ് ഡോക്ടറുടെ വാദം. രോഗിയ്ക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നും അതിലാണോ ഉപകരണം കുടുങ്ങിയത് എന്ന് അറിയില്ലല്ലോ എന്നും ഡോ.ലളിതാംബിക പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക ആണെന്നാണ് രോഗിയായ ഉഷ ജോസഫും മകൻ ഷിബിനും പറയുന്നത്. എന്നാൽ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ആയതുകൊണ്ടാണ് കേസ് ഡയറിയിൽ തന്റെ പേര് എഴുതിയിരിക്കുന്നതെന്നും സർജറി ഡയറിയിൽ ശസത്രക്രിയ ചെയ്ത ഡോക്ടറുടെ പേര് ഉണ്ടാകുമെന്നുമാണ് ലളിതാംബിക പറയുന്നത്.
'ഈ രോഗിയ്ക്ക് ഇതിനുമുൻപും ഓപ്പറേഷൻ നടന്നിട്ടുണ്ട്. അതിലാണോ വന്നതെന്ന് നമുക്ക് അറിയില്ലല്ലോ. അങ്ങനെ കുടുങ്ങിയതാണെങ്കിൽ രണ്ടാമത്തെ ഓപ്പറേഷൻ ചെയ്യുന്ന സമയത്തും കാണാനാകില്ല. ആ ഓപ്പറേഷൻ 20 വർഷം മുൻപ് നടന്നതായാലും ആ ഉപകരണം അവിടെ അനങ്ങാതെ ഇരിക്കുകയാണെങ്കിൽ അറിയുകയേ ഇല്ല. ഇപ്പോഴും മൂത്രത്തിൽ കല്ലിന്റെ പ്രശ്നം കൊണ്ടാണ് അവർ ആശുപത്രിയിലേക്ക് പോയത്.
വളരെ അപൂർവ്വമായേ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങുന്നത് പോലുള്ള കാര്യങ്ങൾ സംഭവിക്കാറുള്ളു. പിന്നെ, ശസ്ത്രക്രിയ ഉപകരണം വയറ്റിൽ അഞ്ചല്ല അമ്പത് വർഷം കുടുങ്ങിപ്പോയാലും ഒന്നും സംഭവിക്കില്ല. ഈ പറയുന്ന ഉപകരണം ഇരുപത് വർഷം മുൻപ് കുടുങ്ങിയതാണോ എന്നും അറിയില്ലല്ലോ. അത് അറിയാനും വഴിയില്ല. കെമിക്കൽ ടെസ്റ്റിലൂടെ ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും,' ഡോ. ലളിതാംബിക പറഞ്ഞു.
സർജറി നടന്നത് കൊവിഡിന്റെ രണ്ടാം വേവിന്റെ സമയത്തായിരുന്നു എന്നും പ്രതികൂല സാഹചര്യങ്ങള്ക്കിടയില് രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് ഓപ്പറേഷൻ നടത്തി നൽകിയത് എന്നും ഡോ. ലളിതാംബിക പറഞ്ഞു. 'കൊവിഡ് സമയമായിരുന്നു. ആ സമയത്ത് സർജറികൾ ചെയ്യുന്നത് വളരെ കുറവായിരുന്നു. അണ്ഡാശത്തിൽ കാൻസറാണോ എന്ന സംശയത്തിലാണ് ഓപ്പറേഷൻ ചെയ്തത്. പേഷ്യന്റിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഓപ്പറേഷൻ ചെയ്തത്. പക്ഷെ ചെയ്തവർക്ക് അത് പാരയായി,' ഡോക്ടർ പറഞ്ഞു.
സർജറിയുടെ ഉപകരണങ്ങൾ ചെക്ക് ചെയ്യാനുള്ള സംവിധാനം സർക്കാർ ആശുപത്രികളിൽ ഇല്ലെന്നും ഡോക്ടർ പറഞ്ഞു. ഒരു ഡോക്ടറെ കുറ്റം പറയാനാകില്ലെന്നും സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും ഇവർ പറയുന്നുണ്ട്. 'ഓരോ സർജറിയ്ക്കും രണ്ട് നഴ്സുമാർ സർജറിക്ക് വേണം, സ്ക്രബ് നഴ്സും ഫ്ളോർ നഴ്സും. ഫ്ളോർ നഴ്സ് ബോർഡിൽ ഓരോ സർജറിയ്ക്കും മുൻപ് എടുത്ത ഉപകരണങ്ങൾ എഴുതി വെക്കുകയാണ് വേണ്ടത്. എന്നാൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതുകൊണ്ട് ഇത് നടക്കാറില്ല. ഡോക്ടറും സ്ക്രബ് നഴ്സും തന്നെയാണ് ഇതും ചെയ്യുന്നത്. ഉപകരണം കാണാതെ പോയാൽ അത് തിരിച്ചറിയാനും വഴിയില്ല. കാരണം സർക്കാർ ആശുപത്രികളിൽ ഇത് കൃത്യമായി സൂക്ഷിക്കാനുള്ള സിസ്റ്റമില്ല, ' ഡോ. ലളിതാംബിക പറഞ്ഞു.
ഉഷ ജോസഫ് വീട്ടിലെത്തി കൺസൾട്ടേഷൻ ചെയ്തു എന്നതിനെ കുറിച്ചും ഡോ. ലളിതാംബിക പറഞ്ഞു. 'ഈ രോഗിയെ കൺസൾട്ട് ചെയ്തോ എന്ന് ഓർമയില്ല. പ്രൈവറ്റ് കൺസൾട്ടേഷൻ എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. ആളുകൾ പല ബന്ധത്തിന്റെയും മറ്റും പേരിൽ വരും. അവരെ പരിശോധിച്ച് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാറുണ്ട്. 38 കൊല്ലം സർക്കാർ ആശുപത്രികളിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യാനാണ്. ഓപ്പറേഷനായി ഒരിക്കലും ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ല. അത് ആലപ്പുഴയിൽ ഉള്ളവർക്കെല്ലാം അറിയാം,' ഡോക്ടർ പറഞ്ഞു.
ഡോക്ടർ ലളിതാംബികയുടെ ഈ പ്രതികരണങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ആരോഗ്യമന്ത്രി വീണ ജോർജ് പ്രതികരിച്ചത്. നിസാരവത്കരിക്കാനാകില്ലെന്നും തക്കതായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. സ്റ്റാഫിന്റെ കുറവിന്റെ പേരും പറഞ്ഞ് ഇതിൽ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാകാനാകില്ല എന്നും വീണ ജോർജ് പറഞ്ഞു.
2021ലാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്ന ഓപ്പറേഷൻ വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കുന്നത്. 2021 മെയ് അഞ്ചിനാണ് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടന്നതെന്നും പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നും ഉഷ ജോസഫ് റിപ്പോർട്ടറിന് നല്കിയ പ്രതികരമത്തില്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ.
Content Highlights : Dr Lalithambika says surgical instrument will not cause any problem if it gets stuck in body for years