തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി മുതല്‍ 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സ്നാക്സും കിട്ടും. ഉഡാന്‍ കഫെയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്വല്‍ ആയി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലെ ആദ്യ ഉഡാന്‍ കഫെയാണിത്.
ഭക്ഷണത്തിന്റെ പൊള്ളുന്ന വില കാരണം വിമാനത്താവളങ്ങളില്‍ നിന്നും പലരും ഭക്ഷണം കഴിക്കാന്‍ മടി കാണിക്കാറുണ്ട്. മുമ്പ് ഒരു ചായക്ക് കുറഞ്ഞത് 150 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ഇതിനാണ് ഉഡാന്‍ കഫേയിലൂടെ പരിഹാരമായത്.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണല്‍ വിമാനത്താവളത്തിലാണ് ആദ്യ കഫേ ഉദ്ഘാടനം ചെയ്തത്. പൂനെ, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഭുവനേശ്വര്‍ വിമാനത്താവളങ്ങളിലും ഇത്തരം ബജറ്റ് ഫ്രണ്ട്ലി കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
20 രൂപ മുതൽ ആരംഭിക്കുന്ന ലഘുഭക്ഷണങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ലക്ഷ്യം. ആംആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ രാജ്യസഭയിൽ വിമാനത്താവളത്തിലെ അമിതമായ ഭക്ഷണച്ചെലവിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചതിനെത്തുടർന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും ചേർന്ന് ഉഡാൻ യാത്രി കഫേകൾക്ക് തുടക്കം കുറിച്ചത്.
Content Highlights: thiruvananthapuram airport gets Udan Yatri cafe