തൃശ്ശൂര്‍: വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പണിമുടക്കിലേക്ക്. ശനിയാഴ്ച സംസ്ഥാന വ്യാപകമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലുള്ള സൂചനാ പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരില്‍ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും.
'അതിജീവനത്തിനായുള്ള പോരാട്ടം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, മറ്റ് ആശുപത്രി ജീവനക്കാര്‍ക്ക് ആനുപാതികമായ ശമ്പള വര്‍ധന, യുജിസി സ്കെയില്‍ ശമ്പളം നടപ്പിലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി, വീരകുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുക, എന്‍എച്ച്എം, പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ്, ഇഎംടി ജീവനക്കാര്‍ക്കും തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. സമരത്തില്‍ എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരും പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
Content Highlights: strike of employees including nurses at private hospital tomorrow