കണ്ണൂർ: സാഹിത്യകാരൻ വി എസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണൂർ കണ്ണപുരം എടക്കേപ്പുറത്തെ അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. രാവിലെ അഞ്ച് മണിയോടെയാണ് വീടിന്റെ ഗേറ്റിന് മുന്നിൽ റീത്ത് വെച്ചതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ അനിൽകുമാർ പരാതി നൽകി.
അന്തരിച്ച പ്രൊഫസർ എം എൻ വിജയന്റെ മകൻ കൂടിയാണ് വി എസ് അനിൽകുമാർ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാറായിരുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലെ വൈരാഗ്യമാകാം റീത്ത് വെക്കലിന് പിന്നിലെന്ന് ആരോപണമുണ്ട്. ചടങ്ങിൽ സിപിഐഎമ്മിനെ ഉൾപ്പടെ അനിൽകുമാർ രൂക്ഷമായി വിമർശിച്ചിരുന്നു.
എട്ട് വയസുള്ള മകൻ രാവിലെ ഫുട്ബോൾ കോച്ചിങിനായി പോകാനിറങ്ങവെയാണ് റീത്ത് കണ്ടതെന്ന് അനിൽകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. അച്ഛാ ഇതാ ഒരു മാല എന്ന് പറഞ്ഞാണ് മകൻ റീത്ത് കാണിച്ചു തന്നതെന്നും അനിൽകുമാർ പറഞ്ഞു. പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് പിന്നാലെ പേര് പോലും വ്യക്തമാക്കാത്ത ഒരു ഫേസ്ബുക്ക് കുറിപ്പിൽ തനിക്കെതിരെ വിമർശനവും ഭീഷണിയും ഉണ്ടായിരുന്നു. എന്നാൽ റീത്ത് ആരാണ് വെച്ചതെന്ന് പറയാനാകില്ല. പാർട്ടിയിൽ ശത്രുക്കളില്ല, എല്ലാവരുമായും സൗഹൃദ ബന്ധങ്ങളാണ്. ഇനി വല്ല എടുത്തുചാട്ടക്കാരും വെച്ചതാകാമെന്നും അനിൽകുമാർ പറഞ്ഞു. റീത്ത് വെക്കലെല്ലാം പഴയകാല ഭീഷണിയാണ്. ഭീരുക്കളുമാണ് ഇത് ചെയ്യുന്നത്. എതിർപ്പുണ്ടെങ്കിൽ തന്നോട് നേരിട്ട് വന്ന് സംസാരിക്കുന്നതാണ് ജനാധിപത്യപരമായ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Wreath in front of the house of writer V S Anilkumar, he filed complaint at police