കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എം പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. കട്ടിളപ്പാളി കേസിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടി ഹർജി സമർപ്പിച്ചത്. അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടയാണ് ജാമ്യത്തിനായുള്ള നീക്കം. അതേസമയം ദ്വാരപാലക കേസിൽ റിമാൻഡ് കാലാവധി കഴിയാത്തതിനാൽ കട്ടിളപ്പാളിക്കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ജയിൽ മോചിതനാകാനാവില്ല.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 20നാണ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. ഈ കേസിൽ റിമാൻഡിൽ ആയിരിക്കുമ്പോഴാണ് ദ്വാരപാലക കേസിലും എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ബുധനാഴ്ച ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എൻ വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചിരുന്നു.
Content Highlights: Vigilance court to consider bail plea of former Travancore Devaswom Board president A Padmakumar today