വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണത്തിന് പിന്നില്‍ ഭക്ഷ്യവിഷബാധയല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റിപ്പോർട്ട്

മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേര്‍ കഴിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് കടല്‍വിഭവം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്നും മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേര്‍ കഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.

മരിച്ചവര്‍ക്ക് കടല്‍ വിഭവം അലര്‍ജി ഉണ്ടാക്കുമെന്നാണ് ബന്ധുക്കളുടെ മൊഴി. ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ പത്ത് സാമ്പിളുകള്‍ കൊച്ചിയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലില്‍ നിന്നാണ് മരണപ്പെട്ടവര്‍ ഭക്ഷണം കഴിച്ചതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഫലം കൂടി വന്നതിന് ശേഷമാകും അന്തിമ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുക.

കൊല്ലം നിലമേല്‍ പ്ലാച്ചിയോട് കുന്നില്‍ വീട്ടില്‍ റഷീദ ബീവി (58), മരുമകന്‍ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകള്‍ സജി മോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവര്‍ വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീന്‍ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്. ബന്ധുക്കളുടെ ആരോപണത്തിന് പിന്നാലെ ഹോട്ടല്‍ പൊലീസ് ഇടപെട്ട് അടപ്പിച്ചിരുന്നു.

Content Highlights: Report indicates the deaths of two people after eating seafood at a Vizhinjam hotel may not be due to food poisoning, with officials suspecting a severe allergic reaction

To advertise here,contact us