പാലക്കാട്: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍ കുമാറിനെ മലമ്പുഴയിൽ മത്സരിപ്പിക്കാന്‍ സിപിഐഎമ്മില്‍ ആലോചന. വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിപിഐഎം നീക്കം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അരുണ്‍കുമാര്‍. അരുണ്‍ കുമാര്‍ മലമ്പുഴയില്‍ മത്സരിക്കുന്നതിനോട് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. അരുണ്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ 'വി എസ് ഫാക്ടര്‍' നിലനിര്‍ത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടല്‍.
തെരഞ്ഞെടുപ്പിൽ അരുണ്‍കുമാറിനെ നേരിടുന്നത് സംബന്ധിച്ചുള്ള ചോദ്യത്തോട് പുനർവിചിന്തനം ആവശ്യമായ ചോദ്യമാണെന്നായിരുന്നു സുരേഷ് പ്രതികരിച്ചത്. 'കുഴയ്ക്കുന്ന ചോദ്യമാണ്. പുനര്‍വിചിന്തനം ആവശ്യമായ ചോദ്യമാണ്. ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മത്സരമായിരിക്കും', സുരേഷ് കുമാർ പറഞ്ഞു.
ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ സുരേഷ് പങ്കെടുക്കും. വി ഡി സതീശന് നേരിട്ടാണ് സുരേഷിനെ യാത്രയിലേക്ക് ക്ഷണിച്ചത്. മലമ്പുഴയില്‍ മത്സരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് നേരത്തെ സുരേഷുമായി സംസാരിച്ചിരുന്നു.
ഇടതുപക്ഷ മനസ്സ് കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്നും ഇതുവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും എ സുരേഷ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം താനല്ല തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഒരു പാര്‍ട്ടിയെയും പ്രതിനിധികരിച്ച് മത്സരിക്കില്ല. എം വി ഗോവിന്ദന് മറുപടി പറയാന്‍ തക്ക ആളല്ല താനെന്നും സുരേഷ് പറഞ്ഞു. സുരേഷ് മത്സരിക്കുകയാണെങ്കില്‍ ഒറ്റ പാര്‍ട്ടിവോട്ട് പോലും കിട്ടില്ലെന്ന് എം വി ഗോവിന്ദന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പുതുയുഗ യാത്രയില്‍ പങ്കെടുക്കും. സ്വതന്ത്ര നിലപാട് കാത്തുസൂക്ഷിക്കുന്നയാളാണ് താന്‍. പാര്‍ട്ടിക്ക് മൂല്യശോഷണം സംഭവിച്ചെന്നും തിരുത്തല്‍ പ്രക്രിയനടത്തണമെന്നും പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ ഉയര്‍ന്ന കാര്യമാണ്. ഇത്രയും വലിയ അപമാനം നേരിടാന്‍ തക്ക തെറ്റ് താന്‍ ചെയ്തിട്ടില്ല. എന്തുകൊണ്ടാണ് പുറത്തുനിര്‍ത്തിയതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണെന്നും എ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരില്ലെന്നും സുരേഷ് വ്യക്തമാക്കി.
'നൂറ് തവണ അപ്പീല്‍ കൊടുത്താലും തിരിച്ചെടുക്കില്ലെന്നാണ് പറഞ്ഞത്. ഞാന്‍ വഴിയാധാരമായി. മഴയത്തും വെയിലത്തും നില്‍ക്കുകയാണ്. ഞാന്‍ മരിക്കണോ? എന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉത്കണ്ഠയുണ്ട്. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്' എന്നും എ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Content Highlights: V A Arun Kumar May contest in Malampuzha against a suresh