മങ്കട സദാചാര കൊലക്കേസ്: അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി, മൂന്ന് പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

പ്രതികൾക്കുള്ള ശിക്ഷവിധി നാളെ പ്രഖ്യാപിക്കും

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് മഞ്ചേരി കോടതി. കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദുൽ നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

സദാചാര പൊലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻ്റെ പേരിലായിരുന്നു മര്‍ദനം. 2016 ജൂൺ 28ന് പുല‍ർച്ചെയായിരുന്നു കൊലപാതകം നടന്നത്. നസീർ ഹുസൈനെ ഒരു സംഘം പേർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കടന്നായിരുന്നു പ്രതികൾ നസീറിനെ മർദിച്ചത്.

മർദനത്തിന് ശേഷം അക്രമികൾതന്നെ ഫോൺ വിളിച്ചാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. സഹോദരനായ നവാസും നാട്ടുകാരും സ്ഥലത്തെത്തി നസീറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അക്രമികൾ ആരെയും അടുപ്പിച്ചിരുന്നില്ല. നസീറിന് തലയ്ക്ക് ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ടായിരുന്നു. മാത്രമല്ല രണ്ട് കൈകളും തോൾ മുതൽ വിരൽ വരെയും പ്രതികൾ അടിച്ച് തകർത്തിരുന്നു.

Content Highlights: Manjeri court finds five accused guilty in Mankada moral murder case

To advertise here,contact us