സച്ചിദാനന്ദനെ ഞങ്ങള്‍ അധിക്ഷേപിച്ചോ? മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിച്ചു: എം ബി രാജേഷ്

മണിശങ്കര്‍ അയ്യരെ ആക്ഷേപിക്കുന്നത് സൈബര്‍ ഗ്രൂപ്പുകളല്ലെന്നും ഉത്തരവാദിത്തപ്പെട്ട നേതാക്കളാണെന്നും എം ബി രാജേഷ്

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്. ചിന്തിക്കുന്ന മനുഷ്യര്‍ ബുദ്ധിയുള്ള കാര്യം പറയുമെന്ന് എം ബി രാജേഷ് പറഞ്ഞു. ഇപ്പോഴും അദ്ദേഹം കോണ്‍ഗ്രസ് നേതാവ് ആണ്. അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും അങ്ങനെയാണെന്നും ഇനി പ്രതികരിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളാണെന്നും എം ബി രാജേഷ് പറഞ്ഞു.

'ഗാന്ധിയന്‍ ആയതുകൊണ്ട് സത്യം മാത്രമേ പറയാന്‍ കഴിയൂ എന്നാണ് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയാണ്. എന്നാല്‍ ഇത് ഒളിപ്പിക്കാനും മറച്ചുവെക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. സച്ചിദാനന്ദന്റെ ഇന്റര്‍വ്യു വലിയ ആഘോഷമായിരുന്നു മാധ്യമങ്ങള്‍ക്ക്. അമര്‍ത്യാസെന്നിന്റെ പ്രസംഗം എവിടെയാണ് മാധ്യമങ്ങള്‍ കൊടുത്തത്. മണിശങ്കര്‍ അയ്യറെ അധിക്ഷേപിച്ച് കോണ്‍ഗ്രസുകാര്‍ വന്നു. സച്ചിദാനന്ദനെ ഞങ്ങള്‍ അധിക്ഷേപിച്ചോ', എം ബി രാജേഷ് പറഞ്ഞു.

സച്ചിദാനന്ദന്‍ വിമര്‍ശിച്ചപ്പോള്‍ തന്നെ വലിയ ചര്‍ച്ചയായല്ലോയെന്നും അതാണ് രണ്ട് രാഷ്ട്രീയമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവന നടത്തുന്നു. ഹീനമായ വ്യക്തി അധിക്ഷേപം നടത്തുന്നു. കെ സച്ചിദാനന്ദനെ തങ്ങളാരും അധിക്ഷേപിച്ചിട്ടില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകാം പക്ഷേ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മണിശങ്കര്‍ അയ്യര്‍ ആക്രമിക്കപ്പെടാന്‍ യോഗ്യനാണ് എന്നാണോ. സൈബര്‍ ഗ്രൂപ്പുകള്‍ അല്ല, ഉത്തരവാദിത്തപ്പെട്ട നേതാക്കളാണ് ആക്ഷേപിക്കുന്നത്. കമ്മ്യൂണിസ്റ്റ്കാരെ പിന്തുണയ്ക്കുന്നവരും ആക്ഷേപത്തിന് അര്‍ഹരാണ് എന്നാണോ', എം ബി രാജേഷ് പറഞ്ഞു.

കോണ്‍ഗ്രസ് വിമര്‍ശനത്തിന് ഇടയിലും മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രശംസിച്ച് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. പത്ത് വര്‍ഷമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നും അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജീവിയന്‍ മാര്‍ഗമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

ചൈനയാണ് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു കമ്മീഷനെ ചൈനയിലേക്ക് അയക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മില്‍ ചേരുമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ബുദ്ധിയുണ്ടെന്നും സിപിഐഎമ്മിലേക്ക് തന്നെ ക്ഷണിക്കില്ലെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ മറുപടി. താന്‍ കോണ്‍ഗ്രസാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights:M B Rajesh supports Mani Shankar Aiyar

To advertise here,contact us