തിരുവനന്തപുരം: തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്എഫ്ഐ പ്രവർത്തകും പൊലീസുകാരനും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. വിനയ്, സുർജിത് എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിരുന്നത്.
ശനിയാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ ലീവിലായിരുന്ന എ ആർ ക്യാമ്പിലെ സിപിഒ മിഥുൻ റോയിയും കുടുംബവും തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിൽ എത്തിയതായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ തന്നെ പിന്തുടർന്ന് മർദിച്ചുവെന്നായിരുന്നു മിഥുൻ്റെ പരാതി. ന്യൂ ഇയർ രാത്രി ശംഖുമുഖം ബീച്ചിൽ സമയപരിധി കഴിഞ്ഞപ്പോൾ ഡിജെ പാർട്ടി അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എസ്എഫ്ഐക്കാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. അന്ന് എസ്എഫ്ഐ പ്രവർത്തകരടക്കം അവിടെ കൂടിയവരെ മർദിച്ച സംഘത്തിൽ മിഥുനും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരം എന്നോണമാണ് എസ്എഫ്ഐ പ്രവർത്തകർ തന്നെ മർദിച്ചതെന്നാണ് മിഥുന്റെ പരാതി.
എന്നാൽ മാളിൽവെച്ച് മിഥുൻ തങ്ങളെയും മർദിച്ചുവെന്ന് എസ്എഫ്ഐ പ്രവർത്തകർ പരാതി നൽകിയിരുന്നു. ഇടിവള ഉപയോഗിച്ച് തങ്ങളെ മർദിച്ചുവെന്ന പരാതിയിൽ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഇതോടെ രണ്ട് കൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം മിഥുനെതിരെ കേസെടുത്ത നടപടിയിൽ സേനയ്ക്ക് അകത്ത് കടുത്ത അമർഷം ഉയർന്നിരുന്നു. പിന്നാലെ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: Two SFI Activists arrested for assaulting a policeman at a shopping mall, thiruvananthapuram