കേരളം കൈവരിച്ച പുരോഗതി സംബന്ധിച്ച് മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ അഭിമാനം പകരുന്നത്: മുഖ്യമന്ത്രി

ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാർത്ഥ്യമാക്കിയതായി മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പുരോഗതിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ പ്രസ്താവന അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് വേദിയിലെ മണിശങ്കർ അയ്യരുടെ പരാമർശം മുൻനിർത്തി ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാർത്ഥ്യമാക്കിയതായി മണിശങ്കർ അയ്യർ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന് മാതൃകയാകുന്ന ഇടത് സർക്കാർ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് കൈവിട്ട ദൗത്യം ഇടത് സർക്കാർ ഏറ്റെടുക്കണമെന്ന് മണിശങ്കർ അയ്യർ അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ വികസനത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

വിവിധ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി സംബന്ധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ അഭിമാനം പകരുന്നതാണ്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് വേദിയിലാണ് കേരളം രാജ്യത്തിന് മാതൃകയായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെ കേരളം യാഥാർത്ഥ്യമാക്കിയതായും രാജ്യത്തിന് മാതൃകയാകുന്ന ഇടത് സർക്കാർ തുടരുമെന്ന് തനിക്ക് ഉറപ്പു ണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് കേരളമണെന്ന് വ്യക്തമാക്കിയ അദ്ദേഹം കോൺഗ്രസ് കൈവിട്ട ദൗത്യം ഇടത് സർക്കാർ ഏറ്റെടുക്കണമെന്നും അഭ്യർത്ഥിച്ചു. അദ്ദേഹത്തിൻറെ വാക്കുകളിലൂടെ വികസനത്തിന്റെയും ജനകീയ ആസൂത്രണത്തിന്റെയും കാര്യത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

കേരള സംസ്ഥാന ആസൂത്രണ ബോർഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് വേദിയിൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചിരുന്നു. കൂടാതെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു മുൻ കേന്ദ്രമന്ത്രികൂടിയായ മണിശങ്കർ അയ്യരുടെ പരാമർശം.

പാവപ്പെട്ടവർക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിർമ്മാണത്തിൽ അവർക്ക് ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നമെന്ന് ഓർമിപ്പിച്ച മണിശങ്കർ അയ്യർ, ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും പ്രശംസനീയമായ പുരോഗതി കൈവരിച്ചത് മാർക്‌സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്നും പറഞ്ഞിരുന്നു.

ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. പലസ്തീന്റെ ഇന്ത്യൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മറ്റ് വിദഗ്ധർ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights:‌ Senior Congress leader Mani Shankar Aiyar's remarks on the progress made by Kerala in various sectors are a source of pride says Pinarayi vijayan

To advertise here,contact us