തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദഹിക്കാത്ത കാര്യങ്ങളാണ് പാർട്ടിയിൽ നടക്കുന്നത്. അവരൊക്കെ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ല. ആരോടും തങ്ങൾ നോ എന്ന് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസിനോടും യുഡിഎഫിനോടും താൽപര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും' കെ സി വേണുഗോപാൽ പറഞ്ഞു.
പ്രേംകുമാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഒരുപാട് ആളുമായി ചർച്ച നടത്താറുണ്ട്, എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം പറയാൻ പറ്റുമോ എന്നായിരുന്നു കെ സിയുടെ മറുപടി.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ മുൻ നിലപാടിൽ ഉറച്ചുനിന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നാട്ടിലെ ഭക്തജനങ്ങളെ മുഴുവൻ കണ്ണീരണിയിച്ച വലിയ സംഭവമായിരുന്നു യുവതീപ്രവേശനം. അന്ന് അത് ഭംഗിയായി പരിഹരിക്കാമായിരുന്നു. എന്നാൽ സർക്കാർ അത് പരിഹരിച്ചില്ല. വിഷയം വഷളാക്കി. ഇനിയും വഷളാക്കണമെന്നാണ് അവർക്ക് ആഗ്രഹമെങ്കിൽ തങ്ങളത് നോക്കി നിൽക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Content Highlights: AICC General Secretary KC Venugopal responds to rumours that former Kerala State Chalachithra Academy chairman PremKumar will join the congress