തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സമ്മേളനം ബഹിഷ്കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായാണ് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ 'വിഷൻ 2031: വികസനവും ജനാധിപത്യവും' എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പലസ്തീന്റെ ഇന്ത്യൻ അംബാസഡർ അബ്ദുല്ല അബു ഷാവേസ്, മറ്റ് വിദഗ്ധർ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, പി പ്രസാദ് എന്നിവർ പങ്കെടുത്തു.
Content Highlights: former central minister and Congress leader Mani Shankar Aiyar says Pinarayi Vijayan will be the next Chief Minister of the Kerala state